Skip to main content

എടയ്ക്കാട്ടുവയല്‍ പൊതുശ്മശാനം ഉദ്ഘാടനം തിങ്കളാഴ്ച

 

 

 

മുളന്തുരുത്തി: ഏറെനാളത്തെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പൊതുശ്മശാനം യാഥാര്‍ത്ഥ്യമായി. തിങ്കളാഴ്ച (ജൂണ്‍ 25) വൈകീട്ട് മൂന്ന് മണിക്ക് എടയ്ക്കാട്ടുവയല്‍ ഫാര്‍മേഴ്‌സ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി പീറ്ററിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പിറവം എം.എല്‍.എ അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

പൊതുശ്മശാനത്തിനായി 1981 ല്‍ പഞ്ചായത്ത് സ്ഥലം വാങ്ങിയിരുന്നെങ്കിലും പലവിധ കാരണങ്ങളാല്‍ നിര്‍മ്മാണം തടസ്സപ്പെടുകയായിരുന്നു. എടയ്ക്കാട്ടുവയല്‍ പള്ളിയ്ക്ക് താഴെ 50 ലക്ഷം രൂപ ബജറ്റിലാണ് സ്മൃതിവനം എന്നപേരില്‍ ഗ്യാസ് ഉപയോഗിച്ചുള്ള ആധുനിക ശ്മശാനം യാഥാര്‍ത്ഥ്യമായത്. 14 വാര്‍ഡുകളിലായി 18.5 കിലോമീറ്റര്‍ സ്‌ക്വയര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ ജനസംഖ്യ 20,000 ത്തിന് മുകളിലാണ്. 

വട്ടപ്പാറ രാജീവ് ഗാന്ധി കോളനിയില്‍ 2008ല്‍ ഒരു സ്ത്രീയുടെ മൃതദേഹം സ്ഥലപരിമിതിമൂലം അവരുടെ വീട് പൊളിച്ച് അടക്കം ചെയ്യേണ്ടിവന്നത് ഏറെ വിവാദമായിരുന്നു. പൊതുശ്മശാനത്തെ ആശ്രയിക്കേണ്ട വലിയ വിഭാഗം ആളുകളുകള്‍ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള തൃപ്പൂണിത്തുറ ശ്മശാനമായിരുന്നു ആശ്രയം. അടുത്തകാലത്തായാണ് തൊട്ടടുത്ത പഞ്ചായത്തായ മുളന്തുരുത്തിയിലും  പൊതുശ്മശാനം യാഥാര്‍ത്ഥ്യമായത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പഞ്ചായത്തിലെ വലിയ വിഭാഗം ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ് പൊതുശ്മശാനം. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യനേതാക്കളും പങ്കെടുക്കും.  

date