Skip to main content

നവരാത്രി ഘോഷയാത്രയ്‌ക്കൊപ്പം പരസ്യവാഹനങ്ങള്‍ അനുവദിക്കില്ല

    ഒക്‌ടോബര്‍ ആറു മുതല്‍ 21 വരെ നടക്കുന്ന നവാരാത്രി മഹോത്‌സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ പരസ്യവാഹനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം സഹകരണം ടൂറിസം മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടന്ന യോഗം തീരുമാനിച്ചു. ഉച്ചഭാഷിണികള്‍ ഘടിപ്പിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.
    നവരാത്രി മഹോത്‌സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉത്‌സവത്തിന്റെ ഏകോപന ചുമതല ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കുമായിരിക്കും. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കന്യാകുമാരി കളക്ടറുമായി ബന്ധപ്പെട്ട് ഏകോപനം നടത്തും. തമിഴ്‌നാട് പോലീസുമായി ഐ. ജി തലത്തില്‍ ഏകോപനം ഉണ്ടാകും. ഉടവാള്‍ കൈമാറ്റ ചടങ്ങ് നടക്കുന്ന പത്മനാഭപുരം കൊട്ടാരത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ചടങ്ങുമായി ബന്ധപ്പെട്ടവര്‍ മാത്രം കയറുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ദേവസ്വം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസവും ഭക്ഷണ സൗകര്യവും ഒരുക്കണം. ഘോഷയാത്ര കടന്നുവരുന്ന റോഡുകളിലെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കും. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം വാട്ടര്‍ അതോറിറ്റി ലഭ്യമാക്കും. ആനകള്‍ക്ക് വെള്ളവും തത്കാലിക പന്തലും ഒരുക്കാനും തീരുമാനിച്ചു.
    എം. എല്‍. എമാരായ വി. എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, ഐ. ജി. ജയരാജ്, ജില്ലാ പോലീസ് മേധാവി പി. പ്രകാശ്, തമിഴ്‌നാട് ജോയിന്റ് കമ്മീഷണര്‍ എം. അന്‍ബുമണി, പദ്മനാഭപുരം സബ് കളക്ടര്‍ രാജഗോപാല്‍ ശങ്കര, തിരുവനന്തപുരം എ.ഡി. എം. വി. ആര്‍. വിനോദ്,  വിളവന്‍കോട് തഹസില്‍ദാര്‍ കെ. കുമാര്‍, കല്‍ക്കുളം തഹസില്‍ദാര്‍ സി. രാജ, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, പോലീസ്, ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്‌സ്, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍, നവരാത്രി ട്രസ്റ്റ്, പത്മനാഭസ്വാമി ക്ഷേത്രം ഭരണ സമിതി, അയ്യപ്പസേവാ സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
പി.എന്‍.എക്‌സ്.2918/18
 

date