Skip to main content

അക്ഷരശ്രീ: നഗരസഭാ വാര്‍ഡുകളില്‍ സര്‍വേ നടന്നു *സര്‍വേ നടന്നത് 2,23,815 വീടുകളില്‍. 14,318 പേര്‍ വോളന്റിയര്‍മാരായി

നഗരസഭയിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷനും നഗരസഭയും ചേര്‍ന്ന് നടപ്പിലാക്കിവരുന്ന  'അക്ഷരശ്രീ' സാക്ഷരത-തുടര്‍വിദ്യാഭ്യാസ പദ്ധതി സര്‍വേ നടന്നു. നഗരത്തിലെ 2,23,815 വീടുകളിലാണ്  സര്‍വേ പൂര്‍ത്തിയാക്കിയത്.  ബാക്കിയുള്ള വീടുകളില്‍ സര്‍വേ നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
    നഗരപരിധിയിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍, സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൊത്തം 14,318 പേര്‍ സര്‍വേ വോളന്റിയര്‍മാരായി.
    സര്‍വേയുടെ ഉദ്ഘാടനം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം നഗരസഭയില്‍ തുടക്കം കുറിച്ച അക്ഷരപദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതോടെ കേരളത്തില്‍ അക്ഷരം അറിയാത്ത ഒരാളുമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരക്ഷരതയുടെ തുരുത്തുകള്‍ ഇനി അവശേഷിക്കാന്‍ പാടില്ല. അതിനുള്ള പ്രതിജ്ഞാബദ്ധമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.  
    സര്‍വേയില്‍ കണ്ടെത്തുന്ന നിരക്ഷരര്‍ക്ക് ഓഗസ്റ്റ് 15ന് സാക്ഷരത ക്ലാസുകള്‍ ആരംഭിക്കും.  ഒരു വാര്‍ഡില്‍ 25 പേര്‍ വീതം നഗരസഭയിലാകെ 2500 പേര്‍ക്കാണ് ക്ലാസ്. മൂന്നു മാസത്തെ സാക്ഷരതാക്ലാസിനു ശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നാലാംതരം തുല്യതാ കോഴ്‌സില്‍ ചേരാം. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി.  തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി തുല്യത വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
    പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ അടുത്ത ബാച്ചില്‍ 'അക്ഷരശ്രീ' പദ്ധതി പ്രകാരം 1500 പേര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സും 1000 പേര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സും ആരംഭിക്കും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, മറ്റ് പൊതുസ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയായിരിക്കും സാക്ഷരത-തുല്യതാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.   സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായാണ് തിരുവനന്തപുരം നഗരസഭയില്‍ ആരംഭിച്ചത്.
പി.എന്‍.എക്‌സ്.2965/18
 
                                          

 

 

date