Skip to main content

വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം

 

ആലപ്പുഴ: മധുരം-മലയാളം വാരാചരണത്തിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലാ ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച് നടത്തുന്ന ഉപന്യാസ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ സ്‌കൂൾ മേലധികാരികളുടെ സാക്ഷ്യപത്രവുമായി ഡിസംബർ 10നു രാവിലെ 10ന് മുഹമ്മ ആര്യക്കരയിൽ പ്രവർത്തിക്കുന്ന മുഹമ്മ നോർത്ത് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ എത്തണം. ഫോൺ: 8289843071. 

 

(പി.എൻ.എ.2786/17)

 

 

 

 

 

ആലപ്പുഴ: ജില്ലാ കളക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ നടന്ന അമ്പലപ്പുഴ താലൂക്ക്തല പരാതി പരിഹാര അദാലത്ത് സേവന സ്പർശത്തിൽ 57 പരാതികൾക്ക് പരിഹാരം. 126 പേർ വിവിധ പരാതികളുമായി ജില്ലാ കളക്ടറെ നേരിൽ കണ്ടു. 

 

സ്വത്തു തട്ടിയെടുത്ത പെൺമക്കൾക്കെതിരേ 92 കാരിയായ സൈനബയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.  ലോണെടുക്കാനാണെന്നു പറഞ്ഞാണ് 20 സെന്റ് സ്ഥലവും വീടും രണ്ടു പെൺമക്കളും ചേർന്ന് എഴുതി വാങ്ങിച്ചത്. തന്നെയും തന്നോടൊപ്പം വീട്ടിൽ കഴിയുന്ന രോഗിയായ മകനെയും കുടുംബത്തെയും വീട്ടിൽ നിന്നിറക്കി വിടാനുള്ള പെൺമക്കളുടെ ശ്രമം തടയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സൈനബയ്ക്ക് എല്ലാ സംരക്ഷണവും ഒരുക്കുമെന്ന് കളക്ടർ ഉറപ്പു നൽകി. നടപടികൾ സ്വീകരിക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി.

 

കുടുംബവിഹിതം കിട്ടിയ വസ്തു അതിരു തിരിച്ച് അളന്നു തിട്ടപ്പെടുത്തി ലഭിക്കുന്നതിന് ഏഴു വർഷമായി ഓഫീസുകൾ കയറിയിറങ്ങിയയാൾക്ക് സേവനസ്പർശം സാന്ത്വനമായി. പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ തഹസിൽദാരെ കളക്ടർ ചുമതലപ്പെടുത്തി. 

 

പറവൂരിലെ കാളിയാംപറമ്പ് വളപ്പിൽ കുടുംബട്രസ്റ്റ് വക വസ്തുവിനോടു ചേർന്നു കിടക്കുന്ന പുറമ്പോക്കു ഭൂമിയിൽ വൃദ്ധസദനം സ്ഥാപിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ട്രസ്റ്റ് ഭാരവാഹികൾ കളക്ടറെ കണ്ടു. റവന്യൂ രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. വീടിനു സമീപത്തെ കുരിശടിയിൽ ആരാധന നടത്തുന്നവരും ആരാധനക്കെത്തുന്നവരും ചേർന്ന് വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തുന്നതായും വസ്തു കൈയേറാൻ ശ്രമിക്കുന്നതായും കാട്ടി വീട്ടമ്മ നൽകിയ പരാതിയിൽ ആർ.ഡി.ഒ. അന്വേഷണത്തിന് ഉത്തരവിട്ടു. 

 

പുന്നമട വാർഡിൽ ആറ്റിലേക്കൊഴുകുന്ന തോടിലെ കലുങ്കിനടിയിൽ  മണ്ണടിഞ്ഞ് ഒഴുക്കു തടസപ്പെട്ടതായും വീട്ടിലും പുരയിടത്തിലും വെള്ളം കയറി ജീവിതം ദുസഹമായതായും കാട്ടി അജിനിവില്ലയിൽ അജിനി നൽകിയ പരാതിയിൽ മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് കളക്ടർ നിർദ്ദേശം നൽകി.

 

കൺസ്ട്രക്ഷൻ ബിസിനസ്സിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് അയൽവാസികളായ ഭാര്യയും ഭർത്താവും ചേർന്ന് പണം തട്ടിയെടുത്തതായ പൂന്തോപ്പ്  സ്വദേശിനിയുടെ പരാതിയിലും മണ്ണഞ്ചേരിയിലെ സ്വർണ്ണക്കടയിൽ നിന്നും രണ്ട് ലക്ഷത്തിൽപ്പരം രൂപയുടെ ആഭരണങ്ങളെടുക്കാൻ ഇടനിലക്കാരനായി നിന്നയാളെ സ്വർണ്ണം വാങ്ങിയ പരിചയക്കാരൻ പണം നൽകാതെ വഞ്ചിച്ചെന്ന പരാതിയിലും അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. റേഷൻ കാർഡിന്റെ മുൻഗണനാ ക്രമത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട പരാതികളൊഴികെയുള്ളവയ്ക്ക് അദാലത്തിൽ തീർപ്പുണ്ടാക്കാനായി.  

 

എസ്.ഡി.വി. സെന്റിനറി ഹാളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു വരെ നടന്ന അദാലത്തിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 29, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 6,  പഞ്ചായത്ത് വകുപ്പ് 17, സപ്ലൈ ാഫീസ ്13, മുനിസിപ്പാലിറ്റി 7 , ദാരിദ്ര്യ നിർമാർജന വിഭാഗം 11, റ്റു വിഭാഗത്തിലുള്ള 43 പരാതികൾ ലഭിച്ചു. അദാലത്തിൽ സബ് കളക്ടർ വി.ആർ.കെ. തേജാ മൈലാവരപ്പൂ, പുഞ്ച സ്‌പെഷൽ ഓഫീസർ മോൻസി അലക്‌സാണ്ടർ, ഡെപ്യൂട്ടി കളക്ടർമാരായ എസ്. മുരളീധരൻ പിള്ള, പി.എസ്. സ്വർണ്ണമ്മ, അതുൽ എസ്. നാഥ്, വിവിധ വകുപ്പുകളുടെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.    

 

(പി.എൻ.എ.2787/17)

date