Skip to main content

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സന്ദേശം

 

അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്ത നിലയിലേക്കാണ് കാലവര്‍ഷക്കെടുതിയുടെ ദുരിതം എത്തിയിരിക്കുന്നത്. ഏറെക്കുറെ എല്ലാ ഡാമുകളും തുറക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട അവസ്ഥയില്‍ എറണാകുളം ഭാഗത്തും ഇടുക്കിയുടെ മറ്റു പ്രദേശങ്ങളിലും വലിയതോതില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരികയാണ്. ഇതോടൊപ്പം തന്നെ പമ്പ വല്ലാതെ കര കവിഞ്ഞൊഴുകുകയാണ്. റാന്നിയും ആറന്മുളയും അടക്കമുള്ള പത്തനംതിട്ടയുടെ ഭാഗങ്ങള്‍ വലിയതോതില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലയായി മാറിയിരിക്കുന്നു. തിരുവല്ലയിലും ഇത് ഗുരുതരമായി ബാധിക്കാന്‍ പോവുകയാണ്. ചാലക്കുടിയിലും ആലുവയിലും തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ബാധിച്ചിരിക്കുന്നു. നമുക്ക് ഈ ദുരന്തത്തെ നല്ല രീതിയില്‍ നേരിടേണ്ടതുണ്ട്. ഇതുപോലെയുള്ളൊരു പ്രളയഭീഷണി വരുമ്പോള്‍ ആദ്യം വേണ്ടത് അതിനിരയാവുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ താത്ക്കാലം അവിടെ നിന്ന് മാറുക എന്നതാണ്. ജീവഹാനി സംഭവിക്കാതിരിക്കാനും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനും അത്തരമൊരു ജാഗ്രത, കരുതല്‍ നാം പുലര്‍ത്തേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. 

അപകടകരമായ സ്ഥിതിയായതിനാല്‍ ഇത്തരം സ്ഥലങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിന് നിര്‍ബന്ധിക്കുന്നതിന് എല്ലാവരും സന്നദ്ധരാവണം എന്നാണ് ഈ ഘട്ടത്തില്‍ ഓര്‍മ്മപ്പെടുത്താനുള്ളത്. നാം നേരിടുന്ന ദുരന്തത്തില്‍ അയല്‍ സംസ്ഥാനങ്ങളുടെ കൂടി ചില ഇടപെടലുകളും സഹായവും ആവശ്യമുണ്ട്. ആ സംസ്ഥാനങ്ങളുമായി ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. തുടര്‍ന്നും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ നേരത്തെ തന്നെ വിവിധ സേനാവിഭാഗങ്ങളുടെ സഹായം നമുക്ക് ലഭ്യമായിട്ടുണ്ട്. അതു കൂടുതലായി ലഭിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്താന്‍ ഇന്ന് രാവിലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരിക്കുകയാണ്. കരസേനയേയും നാവികസേനയേയും മറ്റും ഇതിന്റെ ഭാഗമായി ബന്ധപ്പെടുന്നുണ്ട്. കൂടുതല്‍ ബോട്ടുകള്‍ നമുക്കാവശ്യമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ബോട്ടുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുകയാണ്. 

വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ പലയിടത്തും വെള്ളത്തിനടിയിലായിട്ടുണ്ട്. മോട്ടോറുകള്‍ക്ക് കേട് സംഭവിച്ചിട്ടുണ്ട്. ഈ കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഏറ്റവും പ്രധാനം കുടിവെള്ളം എത്തിക്കലാണ്. ഇതിനുള്ള നടപടി വാട്ടര്‍ അതോറിറ്റി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എവിടെയാണോ വാട്ടര്‍ട്രീറ്റ്‌മെന്റ് പ്ലാന്റ് തകരാറിലായത് അവിടങ്ങളില്‍ ശുദ്ധജലം ലഭ്യമായ സ്ഥലത്തു നിന്നെത്തിച്ച് വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. 

എല്ലാ ജില്ലകളിലും ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്. ജില്ലാകളക്ടറുടെ നേതൃത്വത്തിലാണ് ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്നത്. ഓരോജില്ലയിലും പ്രത്യേകിച്ച് ഇത്തരം പ്രളയബാധിത പ്രദേശങ്ങളില്‍ രണ്ട് ഐ.എ.എസ് ഓഫീസര്‍മാരെക്കൂടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നല്‍കാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതോടൊപ്പം ജില്ലകളില്‍ സെക്രട്ടറിമാരുടെ വ്യക്തിപരമായ മേല്‍നോട്ടത്തില്‍ വ്യക്തിപരമായി തന്നെ ആളുകളെ നിശ്ചയിക്കുന്ന നിലയും ഇതോടൊപ്പം വരുന്നുണ്ട്. നമുക്ക് ഈ വലിയ ദുരന്തത്തെ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തികൊണ്ട് അതിജീവിക്കാന്‍ കഴിയണം. അതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാവരുടെയും സഹകരണം ഈ കാര്യത്തില്‍ പൂര്‍ണ്ണമായി ഉണ്ടാകണം എന്നാണ് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. അടുത്ത നാലു ദിവസം മഴയുണ്ടാകുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. മുന്നറിയിപ്പുകള്‍ ആ തരത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അപ്പോള്‍ നാം നല്ല ജാഗ്രത എല്ലായിടങ്ങളിലും പാലിക്കാന്‍ തയ്യാറാകണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

 

date