Skip to main content

നദി-കനാൽ തീരങ്ങളിലുള്ളവർ ഉയർന്ന പ്രദേശങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറാൻ നിർദ്ദേശം

കനത്തമഴ തുടരുകയും ഡാമുകൾ തുറന്നു വിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും  ജാഗ്രതാ നിർദ്ദേശം. കിഴക്കൻ വെള്ളം ജില്ലയിലേക്ക് കൂടുതലായി ഒഴുകി വരാനുള്ള സാധ്യത കണക്കിലെടുത്ത് നദികളുടെയും ആറുകളുടെയും തീരങ്ങളിൽ താമസിക്കുന്നവർ  ഉയർന്ന പ്രദേശങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്ന് ജില്ലാകളക്ടർ അഭ്യർത്ഥിച്ചു. അടിയന്തിര സാഹചര്യം നേരിടുന്നതിനായി കലക്ടറേറ്റിൽ  ജില്ലാതല ദുരന്തനിവാരണ സമിതി യോഗം ചേർന്നു. പഞ്ചായത്ത് സെക്രട്ടറിമാർ ഓഫീസുകളിൽ അടിയന്തരമായി എത്തുകയും വില്ലേജ് ഓഫീസർമാർക്ക് ഒപ്പംനിന്ന് പ്രവർത്തിക്കുകയും വേണമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ നിർദ്ദേശിച്ചു.  കുട്ടനാട്ടിലെ റിസോർട്ടുകളിൽ നിന്ന് ടൂറിസ്റ്റുകളെ സുരക്ഷിതമായി ഒഴിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട് . പൊലീസും ഫയർഫോഴ്‌സും മറ്റു വകുപ്പുകളും ജാഗ്രതയോടെ ഇരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.  വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറാൻ നിർദ്ദേശിച്ചു.

 

ധനമന്ത്രി ടി എം തോമസ് ഐസക്ക് , പൊതുമരാമത്ത്- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ എന്നിവർ നേരിട്ട് ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.  പുളിങ്കുന്ന് എൻജിനീയറിങ് കോളേജിൽ 43 വിദ്യാർത്ഥികൾ ഒറ്റപ്പെട്ടതിനെത്തുടർന്ന് അവിടേക്ക് പോർട്ട് ഓഫീസിൽ നിന്ന് ബോട്ട് തയ്യാറാക്കി നൽകി. ഫയർഫോഴ്‌സിനെ സഹായവും നൽകി. എപ്പോഴും അഞ്ച് ബോട്ടുകൾ തയ്യാറാക്കി നിർത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. കളക്ട്രേറ്റിലെ കൺട്രോൾ റൂമിലെ ചുമതല സബ്കളക്ടർ വി.ആർ. കൃഷ്ണതേജയ്ക്ക്  നൽകി. കെഎസ്ആർടിസി ബസ്സുകൾ എടത്വാ തിരുവല്ല വഴി സർവീസ് നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. 

date