Skip to main content

കൂട്ടായ്മയുടെ കരുത്തിലൂടെ ഏതു ദുരന്തവും നേരിടാമെന്ന സന്ദേശം കേരളത്തിന് നല്‍കാനായി -മുഖ്യമന്ത്രി പിണറായി വിജയന്‍

 

ഏതു ദുരന്തത്തെയും കൂട്ടായ്മയുടെ കരുത്തിലൂടെ നമ്മുടെ നാടിനു നേരിടാനാകുമെന്ന സന്ദേശം നല്‍കാന്‍ കേരളത്തിനു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 72ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചശേഷം അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇത്തവണ കേരളം സ്വാതന്ത്ര്യദിനം ആചരിക്കുന്നത് അതിഗുരുതരമായ കാലവര്‍ഷക്കെടുതി നാടാകെ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്. വലിയദുരന്തം ഏറ്റുവാങ്ങേണ്ടിവന്നതിനാല്‍ നാടിന്റെ പലഭാഗങ്ങളും പുനര്‍നിര്‍മിക്കേണ്ട അവസ്ഥയിലാണ്.   നമ്മുടെ സംസ്ഥാനത്തിന്റെ വിവിധ ഏജന്‍സികള്‍ എല്ലാ ഇക്കാര്യത്തില്‍ ഒരുമയോടെ തന്നെ രംഗത്തിറങ്ങി. സഹായിക്കാന്‍ എല്ലാ കേന്ദ്ര ഏജന്‍സികളും ഇവിടെയെത്തി. ആര്‍മിയും നേവിയും എയര്‍ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡും പോലീസും ഫയര്‍ഫോഴ്‌സും നമ്മുടെ നാട്ടിലെ സിവില്‍ സര്‍വീസ് രംഗത്തെ എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധസേനാ പ്രവര്‍ത്തകരും അതോടൊപ്പം നാടാകെയും ദുരന്തത്തെ നേരിടുന്ന പ്രവര്‍ത്തനത്തില്‍ മുഴുകുകയാണ്. അതുകൊണ്ടുതന്നെ ദുരന്തത്തിന്റെ ആഘാതം വലിയതോതില്‍ കുറച്ചുകൊണ്ടുവരാനായിട്ടുണ്ട്. അങ്ങേയറ്റം മാതൃകാപരമായ പ്രവര്‍ത്തനമാണ് ഈ കൂട്ടായ്മയുടെ ഭാഗമായി നടത്താനായത്. 

നാട് പുനര്‍നിര്‍മ്മിക്കുന്നതിന് കൂടുതല്‍ സഹായം ഈഘട്ടത്തില്‍ നമുക്കാവശ്യമാണ്. ഇക്കാര്യത്തില്‍ നമ്മെ സഹായിച്ചവരോടും ഇനി സഹായിക്കാന്‍ തയ്യാറെടുക്കുന്നവരോടുമുള്ള കൃതജ്ഞത സര്‍ക്കാരിനുവേണ്ടി രേഖപ്പെടുത്തുന്നു.ശിരസ് സമുന്നതമായും മനസ് നിര്‍ഭയമായും നില്‍ക്കുന്ന ഉദാത്തമായ അവസ്ഥയിലേക്ക് നാട് ഉണരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ പാടിയിട്ടുണ്ട്. ആ അവസ്ഥയിലേക്ക് എത്തുംവരെ വിശ്രമമില്ലാതെ നാം പ്രവൃത്തിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാടുകാര്യങ്ങളില്‍ നമുക്ക് മുന്നോട്ടുപോകാനായിട്ടുണ്ട്. എന്നാല്‍, നേട്ടങ്ങളുടെ തിളക്കത്തില്‍ കണ്ണ് മഞ്ഞളിച്ചുപോകാതെ ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ഥ്യങ്ങളെക്കുറിഞ്ഞ് ചിന്തിക്കാന്‍ കൂടി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങ് പ്രേരകമാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പി.എന്‍.എക്‌സ്.3615/18

 

date