Skip to main content

പ്രളയക്കെടുതി നേരിടാന്‍  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍   24 മണിക്കൂറും പ്രവര്‍ത്തിക്കണം: മന്ത്രി എ.സി മൊയ്തീന്‍

 

പ്രളയക്കെടുതി നേരിടാനും, പ്രളയബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍  വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. 

    കാലവര്‍ഷക്കെടുതി നേരിടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനഫണ്ടും മെയിന്റനന്‍സ് ഗ്രാന്റും ഉപയോഗിക്കാന്‍ പ്രത്യേക അനുമതി നല്‍കി.  കേരള ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കാര്യക്ഷമമായ ക്രമീകരണമാണ് ചെയ്തുവരുന്നത്. എന്തെല്ലാം സഹായങ്ങള്‍ ചെയ്താലും അവയൊക്കെ അപര്യാപ്തമായ സാഹചര്യമാണുള്ളത്. മറ്റു  വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളോടൊപ്പം തദ്ദേശഭണസ്ഥാപനങ്ങളും കൈകോര്‍ക്കുന്നതിന്റെ  ഭാഗമായി പ്രളയക്കെടുതിയെ നേരിടാന്‍ തനതുഫണ്ടുപയോഗിക്കുവാന്‍ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചില തദ്ദേശ'ഭരണ സ്ഥാപനങ്ങള്‍ക്ക് മതിയായ തനതുഫണ്ടില്ല. ഇതിനായി പ്രോജക്ടുകള്‍ തയ്യാറാക്കുന്നതടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പരമാവധി ലഘൂകരിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തുക ട്രഷറിയില്‍നിന്നു മാറാനും പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തി.

    ആശുപത്രികളില്‍ ആവശ്യമായ മരുന്നുവാങ്ങല്‍, കുടിവെള്ള സ്രോതസ്സുകള്‍ അറ്റകുറ്റപ്പണി നടത്തി ശുചീകരിക്കല്‍, ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമായ സാധനങ്ങള്‍ വാടകക്ക് എടുക്കുകയോ വാങ്ങുകയോ ചെയ്യല്‍, പൊട്ടിത്തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കല്‍ എന്നിവയ്ക്ക് ഈ ഫണ്ട് ഉപയോഗിക്കാം. ഇത്തരം ചെലവുകള്‍ക്ക് പ്രോജക്ട് തയ്യാറാക്കി പിന്നീട് വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കിയാല്‍ മതിയാകുമെന്നും യോഗം വിലയിരുത്തി.

     പ്രളയക്കെടുതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മറ്റ് സേവനങ്ങള്‍ മുടങ്ങില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനും തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക്  മന്ത്രി നിര്‍ദ്ദേശം നല്‍കി.

 

date