Skip to main content

പഞ്ചായത്ത് ജീവനക്കാരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തും

 

അത്യാവശ്യം വേണ്ട ജീവനക്കാരെ മാത്രം ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തി ബാക്കി ജീവനക്കാരെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശിച്ചു.

കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര ആവശ്യങ്ങള്‍ക്ക് തനത് ഫണ്ടില്‍നിന്ന് തുക ചെലവഴിക്കാന്‍ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

എഞ്ചിനീയറിംഗ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള ജീവനക്കാരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചുമതലപ്പെടുത്തേണ്ടത്. ഇവര്‍ ബന്ധപ്പെട്ട ചുമതലകള്‍ വീഴ്ച കൂടാതെ നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അടിയന്തിരസാഹചര്യത്തിലല്ലാതെ അവധി അനുവദിക്കില്ല. 

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലെ കണ്‍ട്രോള്‍ റൂമിന്റെ ചുമതല സീനിയര്‍ സൂപ്രണ്ടിനെ ഏല്‍പ്പിക്കുകയും അത്യാവശ്യം ബന്ധപ്പെടാന്‍ അഞ്ച് മൊബൈല്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കുകയും വേണം. ഈ ഓഫീസുകള്‍ 24 മണിക്കൂറുകള്‍ പ്രവര്‍ത്തിപ്പിക്കണം.

ജില്ലാതല ദുരന്തനിവാരണ സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാകാതെ അടിയന്തിര നിര്‍ദേശങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ശ്രദ്ധിക്കണം. കളക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളുണ്ടെങ്കില്‍ ചെയ്യണം.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍/ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ ദുരിതക്കെടുതിമൂലം തുറക്കാനാകാതെ വന്നാല്‍ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കോ തൊട്ടടുത്ത ഗ്രാമപഞ്ചായത്തിലേക്കോ ഓഫീസ് പ്രവര്‍ത്തനം മാറ്റണം. താത്കാലിക ഓഫീസുകളില്‍ ഇ-മെയില്‍ സംവിധാനം ഉള്‍പ്പെടെ ഏര്‍പ്പെടുത്തണം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ വാട്ടര്‍ അതോറിറ്റി ജില്ലാ ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.

ഓരോ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളുടെ കീഴിലും വരുന്ന ഗ്രാമപഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരും പരിശോധിച്ച് കുറവുകള്‍ പരിഹരിക്കണം.

ദുരന്തസമയങ്ങളില്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഉള്ള നിര്‍ദേശങ്ങള്‍ പകര്‍പ്പെടുത്ത് വാര്‍ഡ് മെമ്പര്‍മാര്‍ക്ക് ഉള്‍പ്പെടെ വിതരണം ചെയ്യുകയും പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിയുന്നവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനും ജനപ്രതിനിധികളുടെ സഹായം ഉറപ്പാക്കണം.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലേയും പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളിലേയും ജീവനക്കാര്‍ക്ക് തങ്ങളുടെ ഓഫീസുകളില്‍ എത്താനാകാതെ വന്നാല്‍ തൊട്ടടുത്ത ഗ്രാമപഞ്ചായത്തുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

 

date