Skip to main content

മത്സ്യബന്ധന അപകടകങ്ങള്‍ക്ക് പൂര്‍ണ ഇന്‍ഷ്വറന്‍സ്  പരിരക്ഷ ഉറപ്പാക്കാന്‍ പ്രതേ്യക അദാലത്ത് നടത്തും: മന്ത്രി 

 

മത്സ്യത്തൊഴിലാളികള്‍ക്ക് പൂര്‍ണ അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനുമായി ഇന്‍ഷ്വറന്‍സ് കമ്പനികളുമായി സഹകരിച്ച് പ്രതേ്യക അദാലത്ത് സംഘടിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ അഞ്ച് കേന്ദ്രങ്ങളില്‍ പ്രതേ്യക അദാലത്തുകള്‍ നടത്തും. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രീമിയം സര്‍ക്കാറാണ് അടയ്ക്കുന്നത്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന ഹൃദായാഘാതം, സ്‌ട്രോക് എന്നിവയ്ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാത്ത അവസ്ഥയുണ്ട്. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഇക്കാര്യം പരിഗണിക്കണം. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഭാഗത്ത് നിന്ന് മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.

ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ജ്യോതിലാല്‍, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഡി.പി. കുഞ്ഞിരാമന്‍, കമ്മീഷണര്‍ സി.ആര്‍. സത്യവതി, വിവിധ ഇന്‍ഷ്വറന്‍സ് കമ്പനി മേധാവികള്‍, വകുപ്പ് ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

   പി.എന്‍.എക്‌സ്.4107/18

date