Skip to main content

സംസ്ഥാനത്തെ ആദ്യ ഇ എസ് ഐ ഡിസ്പെന്‍സറിയുടെ  പ്രവര്‍ത്തനം അടിമാലിയില്‍ ആരംഭിച്ചു.

 

 

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇടുക്കിയിലെ പുതിയ ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെയുടെ പ്രവര്‍ത്തനം അടിമാലിയില്‍ ആരംഭിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സിസ്പെന്‍സറിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തനുവദിച്ച ഏക ഇ എസ് ഐ ഡിസ്‌പെന്‍സറിയാണ് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.അടിമാലി ഉള്‍പെടെ രാജ്യത്ത് 34 ഇ എസ് ഐ ഡിസ്‌പെന്‍സറികളും   പ്രവര്‍ത്തനം ആരംഭിച്ചു.അടിമാലി ഫാത്തിമ നഗറില്‍ 3100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫീസിലാണ് ബ്രാഞ്ച് ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്.  ഹൈറേഞ്ച് മേഖലയില്‍ ആദ്യമായി ആരംഭിച്ച ഓഫീസിന്റെ പ്രവര്‍ത്തനമേഖല ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട,് ഇടുക്കി താലൂക്കുകളിലേക്കും വ്യാപിച്ചു കിടക്കുന്നു. ഇ എസ് ഐയില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള ജില്ലയിലെ മുഴവന്‍ ആളുകള്‍ക്കുമുള്ള  ആനുകൂല്യങ്ങളും അടിമാലിയില്‍ നിന്നും ലഭ്യമാകും. നിലവില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള 8000 പേര്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ ഉള്‍പെടെ 30,000 പേര്‍ക്കും ഡിസ്പെന്‍സെറിയുടെ സേവനം ലഭിക്കും. പത്തോ അതിലധികമോ ആളുകള്‍ ജോലി ചെയ്യുന്ന വ്യാപാര, വ്യവസായ ശാലകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഭാഗമായ ജീവനക്കാരാണ് ഇ എസ് ഐ സ്‌കീമിന്റെ പരിധിയില്‍ വരുന്നത്. ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളവരുടെയും  കുടുംബാഗംങ്ങളുടെയും പ്രാഥമിക ചികിത്സ ഡിസ്പെന്‍സറിയില്‍ നല്‍കും. കൂടാതെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകള്‍ ഇ എസ് ഐ സി ആശുപത്രികളിലോ  എം പാനല്‍ ചെയ്യപ്പെട്ടിട്ടുള്ള പ്രമുഖ സ്വകാര്യ ആശുപത്രികളിലോ ലഭിമാക്കുന്ന രീതിയിലുമാണ് ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുക. അസുഖം, അപകടം, പ്രസവം തുടങ്ങിയവമൂലം ജോലി ചെയ്യാന്‍ സാധിക്കാതെ അവധിയില്‍ പ്രവേശിക്കുകയാണെങ്കില്‍ ഈ ദിവസങ്ങളിലെ ശമ്പളവും ബ്രാഞ്ച് ഓഫീസ് വഴി വിതരണം ചെയ്യും.

ചികിത്‌സയോടൊപ്പം രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കുള്ള മറ്റാനുകൂല്യങ്ങളും ഇവിടെ നിന്നും ലഭിക്കും.കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഓഫീസ് പ്രവര്‍ത്തിക്കുക . ബ്രാഞ്ച് മാനേജര്‍,ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍,സ്റ്റാഫ് നേഴ്‌സ്,പാരാമെഡിക്കല്‍ സ്റ്റാഫ്, ക്ലറിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് ഈ ഓഫീസില്‍ ഉള്ളത്. എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ബ്രാഞ്ചോഫീസും ഉള്‍പെടെയാണ്  ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം നടക്കുക.

date