Skip to main content

കോട്ടൂരില്‍ അന്തര്‍ദേശീയ ആന പുനരധിവാസകേന്ദ്രം: ധാരണാപത്രം ഒപ്പിട്ടു

 

*അടങ്കല്‍ തുക 113 കോടി

കോട്ടൂരില്‍ അന്തര്‍ദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രം സ്ഥാപിക്കാന്‍ ഭവനനിര്‍മാണബോര്‍ഡുമായി വനം വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. വനം വകുപ്പ് മന്ത്രി കെ. രാജു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. 

തിരുവനന്തപുരത്ത് കോട്ടൂരിനടുത്ത് കാപ്പുകാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആന പുനരധിവാസകേന്ദ്രം അന്തര്‍ദേശീയ നിലവാരത്തിലാക്കുന്നതിനു കിഫ്ബിയില്‍ നിന്ന് 105 കോടി രൂപ ലഭ്യമാക്കും.  ഇതിന്റെ അടിസ്ഥാനത്തില്‍  വിശദമായ പദ്ധതി റിപ്പോര്‍ട്ട് എന്‍ജിനീയറിംഗ് ഡിസൈന്‍, അടങ്കല്‍ എന്നിവ സഹിതം കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടാനകളെ ഒറ്റയായും കൂട്ടമായും പാര്‍പ്പിക്കാനുള്ള എന്‍ക്ലോഷറുകള്‍, കുട്ടിയാനകള്‍ക്കുള്ള പ്രത്യേക പരിചരണകേന്ദ്രം, മഴവെള്ളം ശേഖരിക്കാനുള്ള വലിയ കുളങ്ങള്‍, മൃഗാശുപത്രി, ഓഫീസ് സമുച്ചയം, പാപ്പാന്‍മാര്‍ക്കും മറ്റുമുള്ള പരിശീലന കേന്ദ്രം, ആനമ്യൂസിയം, ബയോളജിക്കല്‍ പാര്‍ക്ക്, ആനപ്പാപ്പാന്മാര്‍ക്കുള്‍പ്പെടെ ജീവനക്കാര്‍ക്കുള്ള പാര്‍പ്പിട സമുച്ചയം, ആനയ്ക്കുള്ള ഭക്ഷണശാല, നെയ്യാര്‍ റിസര്‍വോയറിന്റെ ഭാഗമായ ജലാശയം, ജലാശയത്തില്‍ വിഹരിക്കുന്ന ആനകളെ വീക്ഷിക്കുന്നതിന് സന്ദര്‍ശകര്‍ക്കുള്ള ഭക്ഷണശാല, ടോയ്ലെറ്റ് ബ്ലോക്ക്, പാര്‍ക്കിംഗ് സൗകര്യം, സന്ദര്‍ശകര്‍ക്കായി നിലവിലുള്ള താമസസൗകര്യം നവീകരിക്കല്‍, ഗാര്‍ഡന്‍ നിര്‍മാണം, വൃക്ഷവത്കരണം എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിയുടെ അടങ്കല്‍ തുക 113 കോടിയാണ്. കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭ്യമായാലുടന്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിക്കും. ഡിസംബറില്‍ ആരംഭിച്ച് 2020 ഒക്ടോബര്‍ അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. കേരളത്തിലെ ഇക്കോടൂറിസം മേഖലയ്ക്ക് ഈ പദ്ധതി വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന് വനംമന്ത്രി അറിയിച്ചു. 

തിരുവനന്തപുരം ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്, ആര്‍.റ്റി.എഫ് ഇന്‍ഫ്രാ പ്രൈവറ്റ് ലി. എന്നീ സ്ഥാപനങ്ങളാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നെയ്യാര്‍-പേപ്പാറ വനവികസന ഏജന്‍സിയാണ് പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. കേരള ഭവന നിര്‍മാണ ബോര്‍ഡിനാണ് നിര്‍വഹണ ചുമതല. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ., ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി.കെ. കേശവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

  പി.എന്‍.എക്‌സ്.4139/18

date