Skip to main content

ചേന്നമംഗലം കൈത്തറി പുനരുദ്ധാരണം: പ്രതീക്ഷിക്കുന്നത് 5.13 കോടി ചെലവ്

 

ചേന്നമംഗലം കൈത്തറി പുനരുദ്ധാരണത്തിന് 5.13 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. 

പ്രളയം ബാധിച്ച എറണാകുളം ചേന്നമംഗലം കൈത്തറി മേഖലയുടെ പുനര്‍നവീകരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 

53 തറികള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഒരു തറിക്ക് 50,000 രൂപ ചെലവ് വരുമെന്ന് കരുതുന്നു. ഭാഗികമായി നശിച്ച 202 തറികള്‍ നന്നാക്കുന്നതിന് ഒരു തറിക്ക് 10,000 രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. 255 തറികളുടെ ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇത് നന്നാക്കുന്നതിന് 25.5 ലക്ഷം രൂപ ചെലവ് വരും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറായി കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. എം. എല്‍. എമാരായ എസ്. ശര്‍മ്മ, വി. ഡി. സതീശന്‍, ഹാന്റക്‌സ് ചെയര്‍മാന്‍, എം. ഡി, യൂണിയന്‍ പ്രതിനിധികള്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, പെട്രോനെറ്റ് എല്‍. എന്‍. ജി, കാഡ്‌കോ എന്നിവരുടെ പ്രതിനിധികളുണ്ടാവും. 

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, എല്‍. എന്‍. ജി, ഹാന്റക്‌സ് എന്നിവര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. അടുത്ത ആറു മാസത്തേക്ക് ആവശ്യമായ ഉത്പാദന സാമഗ്രികള്‍ ഹാന്റക്‌സ് നെയ്ത്തുകാര്‍ക്ക് നല്‍കും. ഇവരുടെ ഉത്പന്നങ്ങള്‍ വാങ്ങുകയും ചെയ്യും. 

ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളവര്‍ക്ക് തിരിച്ചടവിന് സാവകാശം നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന നിര്‍ദ്ദേശം യോഗത്തിലുണ്ടായി. ഡൈഹൗസ്, വര്‍ക്ക്‌ഷെഡ്, സേവന കേന്ദ്രം, കെട്ടിടങ്ങള്‍ എന്നിവയുടെ നാശവും തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവ നന്നാക്കുന്നതിനും നടപടിയുണ്ടാവും. 

എം. എല്‍. എമാരായ എസ്. ശര്‍മ്മ, വി. ഡി. സതീശന്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ എം. ഡി. വര്‍ഗീസ്, പെട്രോനെറ്റ് എല്‍. എന്‍. ജി സീനിയര്‍ വൈസ് പ്രസിഡന്റ് ടി. എന്‍. നീലകണ്ഠന്‍, ഹാന്റക്‌സ് മുന്‍ ചെയര്‍മാന്‍ കെ. പി. സദാനന്ദന്‍, കാഡ്‌കോ എം. ഡി വിനോദ്കുമാര്‍, ഹാന്റക്‌സ് എം. ഡി അനില്‍കുമാര്‍ കെ. എസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.4141/18 

date