Skip to main content

ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ നവംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യണം

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴിലും അല്ലാതെയും പ്രവര്‍ത്തിക്കുന്ന എല്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളും 2015ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് 2015 നു കീഴില്‍ നവംബര്‍ 30നകം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവായി.

    ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപന അധികാരികള്‍ക്ക് ഒരുവര്‍ഷം വരെ തടവോ ഒരുലക്ഷം രൂപയില്‍ കുറയാത്ത പിഴയോ അല്ലെങ്കില്‍ രണ്ടുമോ  നല്‍കാന്‍ ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനില്‍ വരുന്ന കാലതാമസം സുപ്രീം കോടതി ഗൗരവമായെടുക്കുകയും ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന സമയപരിധി നിശ്ചയിച്ച് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സാമൂഹിക നീതി വകുപ്പിന്റെ പുതിയ ഉത്തരവ്. 

    ഓരോ ജില്ലയിലെയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളേയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളേയും പാര്‍പ്പിച്ചിട്ടുള്ള ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍ വകുപ്പ് നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസറും  സാമൂഹിക നീതി ഡയറക്ടറും ഉറപ്പു വരുത്തേണ്ടതും രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ  നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

പി.എന്‍.എക്‌സ്.5057/17

date