Skip to main content

മുച്ചക്ര വാഹന വിതരണവും സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ്  വിതരണവും ഇന്ന് (ഒക്‌ടോബര്‍ 17ന്)

 

സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖാന്തിരം ചലനപരിമിതി നേരിടുന്നവര്‍ക്കുള്ള മുച്ചക്ര വാഹന വിതരണവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് (ഒക്‌ടോബര്‍17) രാവിലെ 10.30ന് പി.എം.ജി. സയന്‍സ് & ടെക്‌നോളജി മ്യൂസിയം പ്രിയദര്‍ശിനി ഹാളില്‍ നടക്കും. ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. തൊഴില്‍, നൈപുണ്യം, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

'ശുഭയാത്ര' പദ്ധതി പ്രകാരം 63 പേര്‍ക്ക് മുച്ചക്ര വാഹനവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികളുടെ പേരില്‍ 20,000 രൂപ സ്ഥിരം നിക്ഷേപം നടത്തുന്ന ഹസ്തദാനം പദ്ധതി പ്രകാരം 29 പേര്‍ക്ക് സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുമാണ് വിതരണം ചെയ്യുന്നത്. 

കേരളത്തിലെ 2.63 ലക്ഷം ചലന പരിമിതിയുള്ളവര്‍ക്ക് മുച്ചക്രവാഹനം, ഇലക്‌ട്രോണിക് വീല്‍ചെയര്‍ തുടങ്ങിയവ നല്‍കാനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ശുഭയാത്ര. ഈ പദ്ധതിയിലൂടെ കോര്‍പ്പറേഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, എസ്.സി ഡിപ്പാര്‍ട്ട്‌മെന്റ്, ബിവറേജസ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ട്, കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയില്‍ നിന്നുള്ള ഫണ്ട് എന്നിവ ഉപയോഗിച്ച് ചലനപരിമിതിയുള്ളവര്‍ക്ക് ആവശ്യമായ മോട്ടോറൈസ്ഡ് ട്രൈ സ്‌കൂട്ടറുകള്‍ കോര്‍പ്പറേഷന്‍ മുഖേന വിതണം നടത്തുന്നു.  ഏകദേശം 810 മോട്ടോറൈസ്ഡ് ട്രൈ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു.

12 വയസ് വരെ ഗുരുതര ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് 20,000 രൂപ ഫിക്‌സഡ് ഡെപ്പോസിറ്റായി നല്‍കുന്ന പദ്ധതിയാണ് ഹസ്തദാനം.  നാളിതുവരെ 750 പേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. ഇതിലേക്ക് 1.50 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. കുട്ടിക്ക് 18 വയസ് തികയുന്ന മുറയ്ക്ക് സ്ഥിര നിക്ഷേപം പിന്‍വലിക്കാം.

 പി.എന്‍.എക്‌സ്.4622/18 

date