Skip to main content

നാടിന്‌ ഭൗതികവും മാനസികവുമായ പുനര്‍ നിര്‍മ്മാണമാണ്‌ ആവശ്യം : മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ 

പ്രളയാനന്തരം നാടിന്‌ ഭൗതികവും മാനസികവുമായ പുനര്‍ നിര്‍മ്മിതിയാണ്‌ ആവശ്യമെന്ന്‌ പൊതുവിദ്യാഭ്യസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌ പറഞ്ഞു. ജില്ലയില്‍ പ്രളയാനന്തര പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കലാ, സാംസ്‌കാരിക പരിപാടികളുടെ നടത്തിപ്പിനായി തൃശൂരില്‍ നടത്തിയ ജനപ്രതിനിധി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രളയത്തില്‍ വന്നുചേര്‍ന്ന അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട്‌ പ്രളയത്തിനു മുന്‍പും ശേഷവും എന്നുള്ള അക്കാദമിക്ക്‌ സമീപനം എല്ലാവരിലും ഉണ്ടാക്കിയെടുക്കണം. വാര്‍ഡ്‌ തലം മുതല്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ഒരു വര്‍ഷത്തിനകം ഓരോ ഇടവും പൂര്‍വസ്ഥിതിയിലാക്കണം. പ്രളയമു ണ്ടാക്കിയ ആഘാതം മനസ്സില്‍ കണ്ടുവേണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 
ഇനിയൊരു ദുരന്തത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളാണ്‌ ജനകീയ കൂട്ടായ്‌മയിലൂടെ കൈവരിക്കേണ്ടത്‌. ഭൗതികം, മാനസികം, പ്രതിരോധം, അഭിമൂഖീകരിക്കല്‍ മുതലായ ക്രമീകരണങ്ങളിലൂടെ വേണം നാളേക്കു വേണ്ടി ഒരുങ്ങാനെന്നും താഴെത്തട്ടു മുതല്‍ സാംസ്‌കാരികാശയങ്ങള്‍ ഉണ്ടാവണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രളയത്തിലകപ്പെട്ട ജില്ലയെ കരകയറ്റാന്‍ സാംസ്‌കാരിക വിഭവശേഷിയും ഉപയോഗപ്പെടുത്തും. ജില്ലയുടെ സാംസ്‌കാരിക തലവും ഉയര്‍ത്താനാണിത്‌. ഇതിലൂടെ ജില്ലയിലെ മുഴുവന്‍ കലാ, സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഒരു മാസം നീളുന്ന കലാപരിപാടികള്‍ സംഘടിപ്പിക്കും. പ്രളയവുമായി ബന്ധപ്പെട്ടുള്ള രണ്ടു പുസ്‌തകങ്ങള്‍ തയ്യാറാക്കി വീടുവീടാന്തരം വില്‌പന നടത്തുകയും ചെയ്യും. പുനര്‍ നിര്‍മ്മാണത്തിന്റെ ദര്‍ശനമുള്‍ക്കൊണ്ട്‌ പരമാവധി തുകയുടെ സമാഹരണമാണ്‌ ഉദ്ദേശിക്കുന്നത്‌. എന്നാല്‍ ഇതിനെ യാന്ത്രികമായി മാറ്റാതെ ജനകീയ പങ്കാളിത്തത്തോടെ തന്നെ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. യൂണിസെഫ്‌ കേരളത്തിലെ പ്രളയത്തെ കുറിച്ച്‌ കണ്ടെത്തിയത്‌ പ്രളയം ബാധിച്ച മറ്റ്‌ രാഷ്‌ട്രങ്ങളിലേതു പോലെ പ്രളയാനന്തരം കുട്ടികള്‍ പഠനം നിര്‍ത്തിയിട്ടില്ലെന്നാണ്‌. തകര്‍ന്ന സ്‌കൂളുകള്‍ പണിതോ, ലൈബ്രറികള്‍ നവീകരിച്ചോ എന്നതിലുപരി കുട്ടികള്‍ക്ക്‌ പഠനം നിര്‍ത്താതെ തുടരുന്നത്‌ സ്വീകാര്യമായ മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍, ലൈബ്രറികള്‍, ലാബുകള്‍ എന്നിവ നവീകരിച്ചതിലൂടെ കുട്ടികളുടെ മാനസിക നിലയും പരിപോഷിപ്പിക്കാനായി. സ്റ്റേറ്റ്‌ കൗണ്‍സില്‍ ഓഫ്‌ എഡ്യുക്കേഷന്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ട്രെയിനങ്ങിലൂടെ കുട്ടികള്‍ക്ക്‌ ഇനിയും മാനസിക തലമുയര്‍ത്തുന്നതിനുള്ള പരിശീലനം നല്‍കും. വരുംകാലങ്ങളില്‍ പ്രളയം ബാധിക്കാത്ത തരത്തിലുള്ള മാര്‍ഗം അവലംബിക്കുന്നതിന്‌ സ്‌കൂളുകളില്‍ 33 ശതമാനം ഹരിതവത്‌കരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജൈവവത്‌കൃത പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കിയുള്ള പുനര്‍നിര്‍മ്മാണത്തിനായി ഏവരും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ബിജു എംപി, എംഎല്‍എമാരായ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, അഡ്വ. വി.ആര്‍. സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date