Skip to main content

കേരളം അസമത്വത്തിനെതിരെ ശക്തമായി ഇടപെടുന്ന  സംസ്ഥാനം: മന്ത്രി ടി.പി. രാമകൃഷ്ണന്‍

 

നവോത്ഥാനകാലം മുതല്‍ അസമത്വത്തിനും അവഗണനകള്‍ക്കുമെതിരെ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് എക്സൈസ്, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനും  ചലനപരിമിതി നേരിടുന്നവര്‍ക്ക് നല്‍കുന്ന മുച്ചക്രവാഹനത്തിന്റേയും  തീവ്ര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റിന്റേയും വിതരണ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.   

ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും  വിവരിക്കാനാവാത്ത സന്തോഷവും ആത്മവിശ്വാസവുമാണ് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളിലൂടെ ലഭിക്കുന്നത്. അവഗണിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവര്‍ക്ക് തണലും ആത്മവിശ്വാസവും പകരാനും സഹായകമായ മാതൃകാപരമായ ഒട്ടേറെ പദ്ധതികളാണ് വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍  നടപ്പാക്കുന്നത്. എക്സൈസ് വകുപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപ സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായവര്‍ക്കു തൊഴില്‍ പരിശീലനം നല്‍കുന്നതിന് തൊഴില്‍ വകുപ്പ് നല്‍കുന്ന പദ്ധതികളുടെ പ്രയോജനം  എല്ലാവരിലുമെത്തിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

പി.എന്‍.എക്‌സ്.4641/18 

date