Skip to main content

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം തടയാന്‍ നെയ്യാറ്റിന്‍കരയില്‍ ജാഗ്രതാ സമിതി

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ തടയാന്‍ നൂതന ആശയവുമായി നെയ്യാറ്റിന്‍കര നഗരസഭ. നഗരസഭ പരിധിയില്‍ ജാഗ്രത സമിതി രൂപീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.

വീടുകളിലും പുറത്തും ഉണ്ടാകുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാനും സ്ത്രീകള്‍ മടിക്കാറുണ്ട്. ഇത് പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നഗരസഭയിലെ പ്രധാന ജാഗ്രത സമിതിക്കു പുറമെ ഒരോ വാര്‍ഡുകളിലും ജാഗ്രത സമിതി രൂപീകരിക്കും. അഭിഭാഷകന്‍, പോലീസ് മേധാവി, സന്നദ്ധ പ്രവര്‍ത്തകര്‍, നഗരസഭ ചെയര്‍പേഴ്സണ്‍, സി.ടി.പി.ഒ, എം.എസ്.ഡബ്ല്യു. പൂര്‍ത്തിയാക്കിയ വ്യക്തി തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍. ആറു ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വെക്കുന്നത്.

വാര്‍ഡ് തലത്തില്‍ കൗണ്‍സിലര്‍മാര്‍ സമിതിയുടെ ചെയര്‍മാനും അംഗന്‍വാടി വര്‍ക്കര്‍ കണ്‍വീനറും ആയിരിക്കും.  പരാതി നേരിട്ട് പറയാന്‍ കഴിയാത്തവര്‍ക്കായി പരാതിപ്പെട്ടി ഉണ്ടായിരിക്കും. വാര്‍ഡ് തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവ നഗരസഭ ജാഗ്രത സമിതിയിലേക്ക് കൈമാറും. ഒരോ വ്യക്തികള്‍ക്കും നേരിടേണ്ടി വരുന്ന ചെറിയ പ്രശ്നങ്ങള്‍ മുതല്‍  നഗരസഭയുടെ ഭരണത്തിലുണ്ടാക്കുന്ന വീഴ്ചകള്‍ വരെ പരാതിപ്പെടാന്‍ സാധിക്കും .
(പി.ആര്‍.പി. 2502/2018)

 

date