Skip to main content

ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ ദ്വിദിന സമ്മേളനം  10നും 11നും എറണാകുളത്ത് 

 

*മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മത്സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മത്സ്യവിഭവ ശോഷണം ചെറുക്കുന്നതിനും ഉത്പാദനവര്‍ധനവ് ഉറപ്പാക്കുന്നതിനുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫിഷറീസ് മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ദ്വിദിന സമ്മേളനം 10നും 11നും എറണാകുളത്ത് നടക്കും. സി.എം.എഫ്.ആര്‍.ഐ സമ്മേളന ഹാളില്‍ നടക്കുന്ന ചടങ്ങ് നാളെ (നവംബര്‍ 10) രാവിലെ 10ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരള സര്‍ക്കാരിന്റെ ഫലപ്രദമായ നടപടികളുടെ ഭാഗമായി 2016 ല്‍ ഏഴു ശതമാനവും 2017ല്‍ 12 ശതമാനവും വര്‍ധനവാണ് മത്സ്യോത്പാദനത്തില്‍ ഉണ്ടായത്. ഈ ദിശയിലുള്ള നടപടികള്‍ക്ക് ഉദ്ദിഷ്ടഫലമുണ്ടാകണമെങ്കില്‍  അയല്‍ സംസ്ഥാനങ്ങളിലും സമാന നടപടികളും ആവശ്യമാണ്.

ആന്ധ്രാപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗമാണ് ചേരുന്നത്. 

ദേശീയ സമുദ്രമത്സ്യബന്ധന നയം, വിനാശകരമായ മത്സ്യബന്ധന രീതികള്‍, വലനിര്‍മാണം, വലകളുടെ വലിപ്പവും കണ്ണിവലിപ്പത്തിലുമുള്ള നിയന്ത്രണങ്ങള്‍, മത്സ്യബന്ധന യാനങ്ങള്‍ മറ്റ് രാജ്യങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് തടയല്‍, ഇത് സംബന്ധിച്ച് നിയമങ്ങളുടെ ബോധവത്കരണം, കേന്ദ്രത്തില്‍ മത്സ്യബന്ധന ശേഷി നിയന്ത്രിക്കല്‍, കാലാവസ്ഥാ വ്യതിയാനം, കേന്ദ്ര മത്സ്യബന്ധന നയം, ഗോസ്റ്റ് ഫിഷിംഗും പ്ലാസ്റ്റിക് മലിനീകരണവും, കടല്‍ ശുദ്ധീകരണ പദ്ധതിയായ ശുചിത്വസാഗരം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. പൊതുവായ തീരുമാനങ്ങളില്‍ എത്തി സംസ്ഥാനങ്ങളില്‍ നടപ്പിലാ്ക്കാനുള്ള പദ്ധതികള്‍ ആലോചിക്കുകയും തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യും. 

മന്ത്രിമാര്‍ക്ക് പുറമേ കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, കേന്ദ്ര ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ തുടങ്ങിയവരും സംബന്ധിക്കും. ഇതിനുപുറമേ, സംസ്ഥാന മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടാംദിവസം മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, മത്സ്യകയറ്റുമതിക്കാരുടെ പ്രതിനിധികള്‍ എന്നിവരുടെ പ്രത്യേക യോഗവും ചേരും.

പി.എന്‍.എക്‌സ്.4969/18

date