Skip to main content

പബ്ലിക്ക് ഹെല്‍ത്ത് ലാബ് ഉദ്ഘാടനം 19ന്

മലപ്പുറം പബ്ലിക് ഹെല്‍ത്ത് ലാബിന്റെ ഉദ്ഘാടനം നവംബര്‍ 19ന് രാവിലെ 10 ന് ആരോഗ്യമന്ത്രി കെകെ ഷൈലജ നിര്‍വഹിക്കും. സിവില്‍ സ്റ്റേഷനിലെ പഴയ കൃഷി വകുപ്പ് കെട്ടിടത്തിലാണ് ലാബ് ഒരുക്കിയിട്ടുള്ളത്. രക്തം, മൂത്രം എന്നിവയുടെ സാമ്പിള്‍ പരിശോധനക്ക് ലാബില്‍ സൗകര്യമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും വരുന്ന ബി.പി.എല്‍ വിഭാഗം രോഗികള്‍ക്ക് റേഷന്‍ കാര്‍ഡുമായി എത്തിയാല്‍ പരിശോധനക്ക് ഫീസ് നല്‍കേണ്ടതില്ല. മറ്റുള്ളവര്‍ക്ക് നിശ്ചിത  നിരക്കില്‍ ഫീസ് ഈടാക്കും. രാവിലെ 8.30 മുതല്‍ ഉച്ചക്കുശേഷം രണ്ടുവരെയാണ് പ്രവര്‍ത്തന സമയം. ഷുഗര്‍, കൊളസ്ട്രോള്‍, ലിവര്‍-കിഡ്നി ഫങ്ഷന്‍ ടെസ്റ്റുകള്‍, കൗണ്ട് ടെസ്റ്റുകള്‍ തുടങ്ങിയവ നടത്തും. എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയവയുടെ രോഗാണുനിര്‍ണയ പരിശോധനയും ഉണ്ടാവും.
40 ലക്ഷം രൂപ ചെലവിലാണ് ലാബ് ഒരുക്കിയത്.  ഒരു മെഡിക്കല്‍ ഓഫിസര്‍, നാല് ലാബ് ടെക്നീഷ്യന്‍, ക്ലര്‍ക്ക്, ഓഫിസ് അസിസ്റ്റന്റ് എന്നിവരെ നിയമിച്ചു. ലാബ് ടെക്നീഷ്യമാരില്‍ രണ്ടു പേരെ നിയമിച്ചത് എന്‍.എച്ച്.എം മുഖേനയാണ്. ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍ തസ്തികയിലും രണ്ട് ജൂനിയര്‍ ലാബ് അസിസ്റ്റന്റുമാരുടേയും   നിയമനം ഉടനുണ്ടാവും. സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിക്കും. എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, നഗരസഭ ചെയര്‍പേഴ്സന്‍ സിഎച്ച് ജമീല, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍എല്‍ സരിത, ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date