Skip to main content

'ഭരണഘടനാ സാക്ഷരതാ പുസ്തകം' പ്രകാശനം ചെയ്തു

 

ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിക്കായി തയ്യാറാക്കിയ കൈപ്പുസ്തകം 'ഭരണഘടനാ സാക്ഷരതാ പുസ്തകം' പ്രകാശനം ചെയ്തു.  നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽ നിന്നും പുസ്തകത്തിന്റെ പകർപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഏറ്റുവാങ്ങി.

രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക അവസ്ഥകൾ ഉൾച്ചേർത്ത സാംസ്‌കാരിക മൂലധനമാണ് ഭരണഘടനയെന്നും ഇത് ജനങ്ങൾക്ക് സുപരിചിതമാക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്നും സ്പീക്കർ പറഞ്ഞു.  രാജ്യത്തെ ഏകീകരിക്കുന്നതിൽ ഭരണഘടനയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ ഭരണഘടന സംബന്ധിച്ച അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  

ചടങ്ങിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ ജസ്റ്റിസ് (റിട്ട.) കെ.കെ ദിനേശന് സ്പീക്കർ ഉപഹാരം നൽകി.  ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ്, എം.എൽ.എ മാർ, നിയമസഭാ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല പുസ്തക പരിചയം നടത്തി.

ഭരണഘടനയെ സംബന്ധിച്ച് അടിസ്ഥാനപരമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള നിയമസഭയുടേയും സാക്ഷരതാമിഷൻ അതോറിറ്റിയുടേയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.  മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, ലോകായുക്ത ഓംബുഡ്‌സ്മാൻ ജസ്റ്റിസ് (റിട്ട.) കെ.കെ ദിനേശൻ, പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് ഭരണഘടനാ സാക്ഷരതാ പുസ്തകം തയ്യാറാക്കിയത്.

ഇന്ന് (ഡിസംബർ 7) മുതൽ ഇത് സംബന്ധിച്ച പരിശീലനം ജില്ലാതലത്തിൽ നൽകും.  ഒരു ലക്ഷത്തോളം റിസോഴ്‌സ് പേഴ്‌സൻമാരുടെ നേതൃത്വത്തിൽ 50 ലക്ഷം പേർക്ക് ഭരണഘടന സംബന്ധിച്ച് ക്ലാസെടുക്കും. 

പി.എൻ.എക്സ്. 5415/18

date