Skip to main content

ക്രിസ്മസ് ആഹ്‌ളാദത്തിന്റെ അവസരമായി മാറണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

 

* സപ്‌ളൈകോ ക്രിസ്മസ് ഫെയറിന് തുടക്കം

 

പ്രളയം കാരണം ഓണവും റംസാനും ആഘോഷിക്കാനാവാതെപോയ ജനങ്ങൾക്ക് ക്രിസ്മസ് ആഹ്‌ളാദത്തിന്റെ അവസരമായി മാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സർക്കാർ പരിപാടികളിലെ പ്രധാനപ്പെട്ട ഒരിനമായി സപ്‌ളൈകോ ഫെയറുകൾ മാറണം. സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ ഫെയറുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സപ്‌ളൈകോ ക്രിസ്മസ് മെട്രോ ഫെയർ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രളയവും പെട്രോളിയം വിലവർധനയുംപോലുള്ള പ്രതികൂല ഘടകങ്ങളുണ്ടായിട്ടും അരിയുടെയും അവശ്യസാധനങ്ങളുടെയും വില കുറയ്ക്കാൻ സർക്കാരിനായി എന്ന് അധ്യക്ഷതവഹിച്ച ഭക്ഷ്യ,സിവിൽ സപ്‌ളൈസ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.അലോട്ട് ചെയ്യുന്ന ധാന്യങ്ങൾ പൂർണമായും ജനങ്ങളിലെത്തിക്കാനായി. അവശ്യസാധനങ്ങൾ എല്ലാം ലഭിക്കുന്ന കേന്ദ്രങ്ങളായി സപ്‌ളൈകോ മാറണമെന്ന കാഴ്ചപ്പാടിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെട്രോ ഫെയറിലെ ആദ്യവില്പനയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ നിർവഹിച്ചു. ഭക്ഷ്യ പൊതുവിതരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, ഭക്ഷ്യ പൊതുവിതരണവകുപ്പ് കമ്മിഷണർ സി.എ.ലത, നഗരസഭ പ്‌ളാനിങ് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ.സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സപ്‌ളൈകോ മാനേജിങ് ഡയറക്ടർ എം.എസ്.ജയ സ്വാഗതവും സിവിൽസപ്‌ളൈസ് ജനറൽ മാനേജർ ഡോ. നരസിംഹഗാരു റ്റി.എൽ. റെഡ്ഡി നന്ദിയും പറഞ്ഞു. 

ബ്രാൻഡ് ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവിൽ മെട്രോ ഫെയറിൽ ലഭിക്കും.  ഫെയർ ഈ മാസം 24 വരെ പ്രവർത്തിക്കും.  സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ ഈ ദിവസങ്ങളിൽ ക്രിസ്മസ് മാർക്കറ്റുകളായി പ്രവർത്തിക്കും.  സപ്ലൈകോയുടെ മറ്റെല്ലാ വിപണന ശാലകളും ഈ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 7.30 വരെ ഇടവേളയില്ലാതെയും പ്രവർത്തിക്കും.  ക്രിസ്മസ് കേക്ക്, ബേക്കറി വിഭവങ്ങൾ എന്നിവ മിതമായ വിലയിൽ ക്രിസ്മസ് ഫെയറുകൾ വഴി നൽകുവാനും സപ്ലൈകോ തയ്യാറായിട്ടുണ്ട്.

പി.എൻ.എക്സ്. 5508/18

date