Skip to main content

രാജ്യാന്തര ചലച്ചിത്രമേള: സുവർണചകോരം ദി ഡാർക്ക് റൂമിന് ഇ.മ.യൗ വിന് രജത ചകോരം, മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവർണചകോരം ഇറാനിയൻ ചിത്രമായ ദി ഡാർക്ക് റൂമിന്. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താൻ മാതാപിതാക്കൾ നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയിരിക്കുന്നത്.  15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 
മികച്ച സംവിധായകനുള്ള രജതചകോരത്തിന് മലയാളിയായ ലിജോ ജോസ് പെല്ലിശ്ശേരി അർഹനായി. ചിത്രം ഇ.മ.യൗ. പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രമേയമാക്കിയ ചിത്രം ഗോവൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്‌കാരങ്ങൾ നേടിയിരുന്നു. 5 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും  ഇ.മ.യൗ നേടി.
മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്‌കർ നേടി. ചിത്രം ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമർശം നേടി. ബിയാട്രിസ് സഗ്‌നറുടെ ദി സൈലൻസ് എന്ന ചിത്രവും  ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.  
ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആർ. മോഹനൻ എൻഡോവ്മെന്റ് അമിതാഭ ചാറ്റർജി സംവിധാനം ചെയ്ത മനോഹർ ആന്റ് ഐ കരസ്ഥമാക്കി. വിനു കോലിച്ചാൽ സംവിധാനം ചെയ്ത ബിലാത്തിക്കുഴൽ ഈ വിഭാഗത്തിൽ പ്രത്യേക പരാമർശത്തിന് അർഹമായി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്കാണ്.
പി.എൻ.എക്സ്. 5512/18
 

date