Skip to main content

പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു

കൊച്ചി: കര്‍ഷകര്‍ക്ക് ആശ്വാസമായി പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തില്‍ നിന്നനുവദിച്ച രണ്ട് ലക്ഷം രൂപയുമുപയോഗിച്ച്  തോട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെയാണ് തോടിന് ശാപമോക്ഷമാകുന്നത്.   കൂവപ്പടി പഞ്ചായത്തിലെ അഞ്ച്, എട്ട് വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന പ്രധാന തോടാണിത്.നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ തോട്ടിലെ വെളളക്കെട്ട് മൂലം ഒരു പതിറ്റാണ്ടിലധികമായി കൃഷി മുടങ്ങിയ കോടനാട് പാടശേഖരത്തിലേതടക്കമുളള  കര്‍ഷകര്‍ ശുഭ പ്രതീക്ഷയിലാണ്. മുടക്കുഴ, വേങ്ങൂര്‍ പഞ്ചായത്തുകള്‍ വഴി കൂവപ്പടിയിലൂടെ കടന്ന് പോകുന്ന ഈ തോട് പെരിയാറിലാണ് അവസാനിക്കുന്നത്.  എന്നാല്‍ അറ്റകുറ്റപ്പണികളുടെ അഭാവം മൂലം ചെളിയും കാടും നിറഞ്ഞ് കാലക്രമേണ തോട് നാശോന്മുഖമായി. ഇതിന് പുറമേ തോടിന്റെ രണ്ട് വശവും ഇടിഞ്ഞ് എട്ട് മീറ്റര്‍ വീതിയുണ്ടായിരുന്ന തോട് പലയിടത്തും നേര്‍ പകുതിയായി വീതി കുറഞ്ഞു. ഇതോടെ ചെറുമഴയത്ത് പോലും തോട്ടില്‍ വെളളം നിറഞ്ഞ് സമീപത്തെ പാടശേഖരത്തിലേക്ക് വെളളം കയറി കൃഷി നശിക്കുകായിരുന്നു പതിവ്.

കൃഷി നാശം പതിവായതിനെ തുടര്‍ന്ന് നൂറേക്കറോളം വരുന്ന പാടശേഖരത്തിലെ ഭൂരിഭാഗം കര്‍ഷകരും നെല്‍കൃഷിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. വെളളക്കെട്ടിന് പരിഹാരം കണ്ട് പാടശേഖരത്തിലെ കൃഷിക്ക് പുതു ജീവന്‍ നല്‍കണമെന്ന് കര്‍ഷകരും കോടനാട് പാടശേഖര സമിതിയും  ഏറെ നാളായി ആവശ്യമുന്നയിച്ച് വരികയായിരുന്നു. ഇത് പരിഗണിച്ചാണ് ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി തോട് നവീകരണത്തിന് ഫണ്ട് അനുവദിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്തംഗം എം.പി പ്രകാശ് പറഞ്ഞു. ഇതിന് മുന്നോടിയായി പാടശേഖര സമിതിയുടെ സഹായത്തോടെ തോട് അളന്ന് എട്ട് മീറ്റര്‍ വീതി കണ്ടെത്തി. ഇതിനായി തോടിന്റെ ഇരു ഭാഗങ്ങളിലുമുളള സ്ഥലം ഉടമകളും സഹകരിച്ചു. ഇതിന് ശേഷമാണ്  തോട്ടിലെ പുന്നലം മുതല്‍ താഴോട്ടുളള ഭാഗത്ത് യന്ത്രമുപയോഗിച്ച് ആഴം കൂട്ടി ചെളികോരുന്ന പ്രവര്‍ത്തനം ആരംഭിച്ചത്. എട്ട് മീറ്റര്‍ ആഴത്തിലാണ് ചെളി കോരുന്നത്. ഇതേ സമയം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മാത്രം തോട് ആഴം കൂട്ടൽ പ്രവർത്തി പൂർണ്ണമാകില്ലെന്ന പരാതിയാണ്  കർഷകർക്കുള്ളത്.  വരും വർഷവും ത്രിതല പഞ്ചായത്തുകൾ ഇക്കാര്യം ലക്ഷ്യമാക്കി ഫണ്ട് അനുവദിച്ചാലേ പൂർണ്ണ പ്രയോജനം തങ്ങൾക്ക് ലഭിക്കുകയുള്ളൂവെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. അത്തരം തുടർ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ തോട്ടിലെ വെളളക്കെട്ട് പൂര്‍ണമായും മാറി  പാടശേഖരം പൂർണമായും കൃഷിക്കനുയോജ്യമാകൂവെന്നും അവർ ചൂണ്ടിക്കാട്ടി.  പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.വര്‍ഗീസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.പി.പ്രകാശ് അധ്യക്ഷത വഹിച്ചു.  പഞ്ചായത്തംഗം സിന്ധുഅരവിന്ദ്, ബി.ഡി.ഒ. കെ.ഒ.തോമസ്, പാടശേഖര സമിതി ഭാരവാഹികളായ പി.പൗലോസ്, ശശി കല്ലിക്കുടി, ഏലിയാസ്, സി.എസ്. ശ്രീധരന്‍പിളള, ദേവകി സുബ്രഹ്മണ്യന്‍, സുന്ദരന്‍ ചെട്ടിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതേ സമയം ഇപ്പോഴത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ നാല് കിലോമീറ്ററോളം ഭാഗത്ത് തോട് ഇരുവശവും കെട്ടി സംരക്ഷിക്കുന്നതിന് നബാര്‍ഡിലേയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് 5 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട് .

ഫോട്ടോ അടിക്കുറിപ്പ്:

പുഞ്ചക്കുഴി തോട്ടിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി.വർഗീസ് നിർവഹിക്കുന്നു

date