Skip to main content
പൈവളിഗെയില്‍ മലയോര ഹൈവേയുടെ ആദ്യ റീച്ചായ നന്ദാരപദവ്-ചേവാര്‍ പാതയിലെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ജി. സുധാകരന്‍ സംസാരിക്കുന്നു.

രണ്ടരവര്‍ഷം കൊണ്ട് മലയോര ഹൈവേ  നിര്‍മ്മാണം പൂര്‍ത്തിയാക്കും: മന്ത്രി ജി. സുധാകരന്‍

എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന വികസന പദ്ധതികള്‍ക്കു മുന്‍ഗണന നല്‍കുകയും അതിലൂടെ കേരളീയ സമൂഹത്തിന്റെ ആധുനികവല്‍ക്കരണമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കണ്ടുവരുന്ന വിവിധ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ താല്‍ക്കാലിക പ്രതിഭാസമാണെന്നും ശാശ്വതമായതും ജനങ്ങളെ കൂട്ടിയോജിപ്പിക്കുന്നതുമായ കര്‍മ്മ പ്രവര്‍ത്തനം വികസനപദ്ധതികളിലൂടെ മാത്രമാണു സാധ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു. 
    മലയോര ഹൈവേയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസര്‍കോട് ജില്ലയിലെ നന്ദാരപദവ് മുതല്‍ ചേവാര്‍ വരെയുള്ള ആദ്യ റീച്ച് നിര്‍മാണോദ്ഘാടനം പൈവളിഗെയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലയില്‍ ഒറ്റപ്പെട്ടുക്കിടക്കുന്ന വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുപോകുന്ന മലയോര ഹൈവേ നമ്മുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക വ്യവഹാരങ്ങള്‍ വിപുലമാക്കുകയും ഗതിവേഗം കൂട്ടുകയും ചെയ്യും. 45 റീച്ചുകളിലായി നിര്‍മ്മാണം നടത്തുന്ന മലയോര ഹൈവേയുടെ 18 റീച്ചുകളുടെ പ്രാരംഭ നടപടികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുകയും ബാക്കിയുള്ള സ്ഥലങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട നിയോജക മണ്ഡലങ്ങളിലെ സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്ക് ഉടന്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അതാത് മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രണ്ടരവര്‍ഷം കൊണ്ട് മലയോര ഹൈവേ പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതതെന്നും മന്ത്രി വ്യക്തമാക്കി. 
    കേരളത്തിന്റെ രണ്ട് അറ്റങ്ങളെ കൂട്ടി യോജിപ്പിക്കുന്നതിനായി  തീരദേശ പാതയും അതേസമയം ദേശീയ പാതയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പ്രാരംഭ നടപടികളെല്ലാം പൂര്‍ത്തീകരിച്ച ദേശീയ പാതയുടെ കാസര്‍കോട് ജില്ലയിലെ ടെണ്ടര്‍ നടപടികള്‍ നിര്‍ഭാഗ്യവശാല്‍ കേന്ദ്ര  സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയംമൂലം അനന്തമായി നീളുകയാണ്. നവംബറില്‍ തലശ്ശേരി-മാഹി ബൈപ്പാസ് ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി നിഥില്‍ ഗഡ്കരി പറഞ്ഞതുപ്രകാരം ജനുവരിയില്‍ ടെണ്ടര്‍ തുറക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന വികസന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണു സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. നേരത്തേ ദീര്‍ഘവീക്ഷണമില്ലാതെ നേതാക്കള്‍ക്ക് ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിമാത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവണതയുണ്ടായിരുന്നു. ബജറ്റില്‍ ഫണ്ടുണ്ടോ എന്നും ശാസ്ത്രീയമാണോ എന്നൊന്നും ആലോചിക്കാതെ ഉദ്ഘാടനം മാത്രം ചെയ്തിരുന്നതില്‍നിന്നും സാഹചര്യം വളരെയേറെ മാറിയിട്ടുണ്ട്. നിലവിലെ സര്‍ക്കാര്‍ പഴയ പദ്ധതികളൊന്നും ഉപേക്ഷിക്കില്ല, പക്ഷേ പഴയ പദ്ധതികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു ല്ല രീതിയില്‍ തന്നെ പൂര്‍ത്തീകരിക്കും. പ്രളയ ദുരന്തത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ കൈപ്പിടിച്ചുയര്‍ത്താനാണു സര്‍ക്കാര്‍ മുന്‍ഗണനാ ക്രമത്തില്‍ ദീര്‍ഘവീക്ഷണത്തോടെ  വിവിധങ്ങളായ വികസന പദ്ധതികളില്‍ നടപ്പിലാക്കുന്നതെന്നും അതിനു പൊതുസമൂഹം പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
    പൈവളികെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ. ഷെട്ടി അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷറഫ്, മുന്‍ എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു, ചീഫ് എഞ്ചിനീയര്‍ (കേരള റോഡ് ഫണ്ട് ബോര്‍ഡ്) വി.വി. ബിനു, പൈവളികെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത വള്‍ട്ടി ഡിസൂസ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആര്‍. ജയാനന്ദ, പൈവളികെ ഗ്രാമപഞ്ചായത്ത് അംഗം റാബിയ ടീച്ചര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍( നിരത്തുകള്‍ വിഭാഗം) കെ.പി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

 

date