Skip to main content
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വനിതാമതില്‍ ജില്ലാതല സംഘാടക സമിതി രൂപീകരണയോഗം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുന്നു

വനിതാമതില്‍ ചരിത്രസംഭവമാകും:  മന്ത്രി എം.എം മണി

 

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിനും സ്ത്രീ പുരുഷ സമത്വവും ലക്ഷ്യമാക്കി ജനുവരി ഒന്നിന് സൃഷ്ടിക്കുന്ന വനിതാമതില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന ചരിത്രസംഭവമായി മാറുമെന്ന് വൈദ്യുതിമന്ത്രി എം.എം മണി അഭിപ്രായപ്പെട്ടു. വനിതാമതില്‍ കാമ്പയിനോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളം നേടിയെടുത്ത നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സാമൂഹ്യ നവോത്ഥാന സംഘടനകളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ഒത്തൊരുമയോടെയുള്ള വലിയ മുന്നേറ്റം കേരളത്തിന്റെ പുരോഗമന കാഴ്ചപ്പാട് ഊട്ടിയുറപ്പിക്കുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നിന് വനിതകള്‍ അണിനിരക്കുന്ന വനിതാമതില്‍ സ്ത്രീകളുടെ അഭിമാന മതിലായി മാറുമെന്ന് യോഗത്തില്‍ സംസാരിച്ച ഇ.എസ്. ബിജിമോള്‍ എം.എല്‍.എ പറഞ്ഞു.

 

വനിതാമതില്‍ സംഘാടക സമിതി രൂപീകരിച്ചു 

ഇടുക്കി ജില്ലയില്‍ നിന്നും 45,000 വനിതകള്‍

 

 

കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ ജനുവരി ഒന്നിന് സംസ്ഥാനത്ത് കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ജില്ലയില്‍ നിന്നും 45,000 സ്ത്രീകള്‍ പങ്കെടുക്കും. സംസ്ഥാനതല സംഘാടക സമിതി ഇടുക്കി ജില്ലയില്‍ നിന്നും 30,000 വനിതകളെ പങ്കെടുപ്പിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കിലും ജില്ലാതല സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത സംഘടനകള്‍, സംഘാടന തലത്തില്‍ നടത്തിയിട്ടുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് സംഘടനകള്‍ സ്വന്തം നിലയില്‍ ജില്ലയില്‍ നിന്നും പങ്കെടുപ്പിക്കുന്നതിന്  ലക്ഷ്യമിട്ട പ്രവര്‍ത്തകരുടെ എണ്ണം വ്യക്തമാക്കിയത്. ഇതുപ്രകാരമാണ്  ജില്ലയില്‍ നിന്നും 45,000 സ്ത്രീകളെ വനിതാമതിലില്‍ പങ്കെടുപ്പിക്കുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തത്.  കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620  കി.മീ നീളത്തില്‍ തീര്‍ക്കുന്ന വനിതാമതിലില്‍ എറണാകുളം ജില്ലയില്‍ കറുകുറ്റി- അരൂര്‍ ദേശീയപാത സെഗ്‌മെന്റില്‍ ആലുവ ഭാഗത്താണ് ജില്ലയില്‍ നിന്നുള്ള വനിതകള്‍ വനിതാമതിലില്‍ പങ്കാളികളാകുന്നത്. വൈദ്യുതിമന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല സംഘാടക സമിതി യോഗത്തില്‍ ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ്, അഡ്വ. സി.കെ. വിദ്യാസാഗര്‍, കെ.കെ. ജയചന്ദ്രന്‍, കെ.കെ.ശിവരാമന്‍, അനില്‍ തറനിലം, എം.ബി ശ്രീകുമാര്‍ (എസ്.എന്‍.ഡി.പി), സാബുകൃഷ്ണന്‍ (കെ.പി.എം.എസ്), മനോജ് ( സി.എസ്.ഡി.എസ്, ജയമധു ( കേരള മഹിളാസംഘം), ഷൈല സുരേന്ദ്രന്‍ (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍), ഡോ. രാജഗോപാല്‍ ( എന്‍.സി.പി), സണ്ണി ഇല്ലിക്കല്‍ ( ജനതാദള്‍ എസ്), സിന്ധു ജയ്‌മോന്‍ ( കെ.പി.എം.എഫ്), റോയി ജോണ്‍( കെ.ഡി.എഫ്), ബി.എം അലിയാര്‍ ( കോണ്‍ഗ്രസ് എസ്), ആശ നിര്‍മ്മല്‍( എ.ഐ.വൈ.എഫ്), പി.കെ.ജയന്‍ ( കോണ്‍ഗ്രസ് ബി), സി.ആര്‍. ദിലീപ്കുമാര്‍ (മലഅരയമഹാസഭ) , ബാബു (എ.കെ.എസ്) , സി.വി വര്‍ഗ്ഗീസ്, അനില്‍ കൂവപ്ലാക്കല്‍, കെ.കെ. രാജന്‍, ജോണി ചെരുവുപറമ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

വനിതാ ശിശുവികസന വകുപ്പിനാണ് മുഖ്യ സംഘാടന ചുമതല. തദ്ദേശ സ്വയംഭരണം, പട്ടികജാതി പട്ടികവര്‍ഗ്ഗം, പിന്നാക്ക വികസനം, വിദ്യാഭ്യാസം, സഹകരണം, സാംസ്‌കാരികം, വ്യവസായം, പൊതുഭരണം തുടങ്ങിയ വകുപ്പുകള്‍ പ്രധാന പങ്ക് വഹിക്കും.

സാമൂഹ്യ രാഷ്ട്രീയസംഘടനാ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, യുവജന കമ്മീഷന്‍, സര്‍വ്വകലാശാലകള്‍, ഇതര മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, വിവര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വനിതാ ഗ്രൂപ്പുകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍  വനിതാ മതില്‍ ക്യാമ്പയിന്റെ ഭാഗമായി പങ്കെടുക്കും.

date