Skip to main content

നാട്ടാനകളുടെ സമ്പൂർണ്ണ വിവരങ്ങൾ ഇനി വിരൽതുമ്പിൽ;  ഡി.എൻ.എ. ഡേറ്റാബേസ് തയ്യാറായി

 

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ നാട്ടാനയുടെയും അനന്യതയും സവിശേഷതയും തിരിച്ചറിയാനും കൃത്യതയോടെ സൂക്ഷിക്കാനും ഉപകരിക്കുന്ന ഡി എൻ എ ഡേറ്റാ ബേസ് തയ്യാറായി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെ വനം വകുപ്പാണ് രാജ്യത്തിന് തന്നെ മാതൃകയായ ഈ പദ്ധതി വിജയപഥത്തിൽ എത്തിച്ചത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ നാട്ടാനകളുടെയും ഡി എൻ എ പ്രോഫൈലിംഗ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.

 വനംവകുപ്പ് ശേഖരിച്ചുനൽകിയ നാട്ടാനകളുടെ രക്തസാമ്പിളുകളിൽ നിന്നും മൈക്രോ സാറ്റലൈറ്റ് മാർക്കേഴ്‌സ് സങ്കേതങ്ങൾ ഉപയോഗിച്ചാണ് ഓരോ ആനകളുടെയും ഡി എൻ എ ഫിംഗർ പ്രിന്റുകൾ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തുള്ള 519 നാട്ടാനകളുടെ സമ്പൂർണ്ണ വിവരങ്ങളാണ് ഇപ്പോൾ ഡേറ്റാബേസിലുള്ളത്. ലഭ്യമായ വിവരങ്ങൾ പ്രായോഗിക തലത്തിൽ ഉപയോഗപ്രദമാക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്പ് നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന വനം വകുപ്പ്. 

ആന ഉടമസ്ഥർക്ക് നൽകുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനോടൊപ്പം ഇനിമുതൽ ഡി എൻ എ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ ക്യൂ. ആർ കോഡ് സഹിതമുള്ള തിരിച്ചറിയൽ കാർഡും വകുപ്പ് നൽകും. ആനയുടെ സവിശേഷതയും, ഉടമസ്ഥാവകാശവും സംബന്ധിച്ച് തർക്കങ്ങളോ പരാതികളോ ഉയർന്നുവരുന്ന സന്ദർഭങ്ങളിൽ കൃത്യവും സൂക്ഷ്മവും സുതാര്യവുമായ തീരുമാനങ്ങൾ വേഗത്തിൽ കൈകൊള്ളാൻ ഈ ഡേറ്റാ ബേസ് സഹായിക്കും. 

പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ടും ഡി എൻ എ ഫിംഗർ പ്രിന്റ് വിശദാംശങ്ങളും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഡയറക്ടർ പ്രൊഫ. എം. രാധാകൃഷ്ണപിള്ള മുഖ്യ വനം വകുപ്പ് മേധാവിയും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ പി കെ കേശവന് കൈമാറി. നാട്ടാനകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകളും ചടങ്ങിൽ പ്രകാശനം ചെയ്തു. 

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നടന്ന ചടങ്ങിൽ ബയോഡൈവേഴ്‌സിറ്റി സെൽ എ പി സി സി എഫ്. പത്മാ മഹന്തി ആമുഖ പ്രഭാഷണം നടത്തി. പ്രോജക്ട് സയന്റിസ്റ്റും അസോ.ഡീനുമായ ഡോ. ഇ വി സോണിയ  റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിന് ആർ ജി സി ബി ഡീൻ ഡോ. കെ സന്തോഷ് കുമാർ സ്വാഗതവും അസി. ഫോറസ്റ്റ് കൺസർവേറ്റർ പി പ്രവീൺ നന്ദിയും പറഞ്ഞു. 

 

date