Skip to main content

നവോത്ഥാനം തുടങ്ങുന്നത് സ്ത്രീകളുടെ മോചനത്തിലൂടെ- മന്ത്രി ജി സുധാകരൻ

ആലപ്പുഴ: നവോത്ഥാന മുന്നേറ്റം തുടങ്ങുന്നത് സ്ത്രീകളുടെ മോചനത്തിലൂടെയാണ് എന്ന ചരിത്രം നമ്മൾ വിസ്മരിക്കരുതെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ പറഞ്ഞു.  നവോത്ഥാന മൂല്യങ്ങൾക്ക് ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെ ജനുവരി ഒന്നിന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വനിത മതിലിന്റെ  സംഘാടന പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  

ജാത്യാഭിമാനവും സവർണ ബോധവും സ്ത്രീകളെ എന്നും അധിക്ഷേപിച്ചു. നാം പിന്തുടർന്നു വന്ന നൂറ്റാണ്ടുകളായി തുടർന്ന അധമ സംസ്‌കാരത്തിൽ നിന്ന് മോചനം നേടുക അത്ര എളുപ്പമല്ല. ഇന്നും സ്ത്രീകൾക്ക് നേരെയുള്ള  അടിച്ചമർത്തലുകൾ തുടരുകയാണ്.  അവർണരുടെ വീട്ടിലെ സ്ത്രീകൾ മാത്രമല്ല, സവർണരുടെ വീടുകളിലെ സ്ത്രീകൾക്കും അടിച്ചമർത്തലുകൾ നേരിടേണ്ടിവന്നു.  സ്ത്രീപുരുഷ സമത്വം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്നതിന്  സർക്കാരും ജനങ്ങളും ചേർന്ന് പുതിയ പ്രസ്ഥാനത്തിന് രുപം നൽകിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

ആരെയും നിർബന്ധിച്ച് വനിതാ മതിലിന്റെ ഭാഗമാക്കില്ല.  നവോത്ഥാനത്തിന്റെ ഭാഗമായുണ്ടായ വലിയ മാറ്റങ്ങൾ ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.  സ്വാതന്ത്ര്യത്തിനുമുമ്പ്  ജനങ്ങൾ തോൽപ്പിച്ചവരും  ഭരണഘടനയെ  എതിർക്കുന്നവരും  ഇന്ന് ഉയർത്തെഴുന്നേക്കാൻ ശ്രമിക്കുകയാണ്. സ്വാതന്ത്ര്യത്തിന്  മുമ്പുള്ള കാലത്തേക്ക് നമ്മളെ കൊണ്ടുപോകാനാണ് ശ്രമം. കാലത്തെ പിന്നാക്കം നയിക്കുന്നവർ തെറ്റായ പ്രചാരണമാണ് പുറത്ത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 

ജില്ലയിൽ 97 കിലോമീറ്റർ  ദൂരത്തിലാണ് മതിലിന് രൂപം കൊടുക്കേണ്ടത്. 4,20,000 പേരെയാണ് മതിലിൽ ജില്ലയിൽ നിന്ന് അണിനിരത്തേണ്ടതെന്ന് ജില്ല കളക്ടർ എസ്.സുഹാസ് യോഗത്തിൽ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കുടുംബശ്രീ പ്രവർത്തകർ, സി.ഡി.എസ്. ചെയർപേഴ്സണുകൾ, ആശാവർക്കർമാർ, ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

വനിത മതിലിന്റെ സംഘാടനത്തിന്റെ ഭാഗമായി വാർഡുതല യോഗങ്ങൾ കഴിഞ്ഞതായി  കുടുംബശ്രീ സി.ഡി.എസ്.ചെയർപേഴ്സൺമാർ അറിയിച്ചു. അംഗനവാടി, സ്‌കൂൾ ജീവനക്കാർ, സ്‌കൂൾ, കോളജ് വിദ്യാർഥികൾ എന്നിവർക്ക് താൽപ്പര്യമുണ്ടെങ്കിൽ പങ്കെടുപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. രണ്ട് ലക്ഷത്തിലധികം സ്ത്രീകളെ വനിത മതിലിൽ പങ്കാളികൾ ആക്കാൻ കഴിയുമെന്ന് കുടുംബശ്രീ ജില്ല കോ-ഓർഡിനേറ്റർ അറിയിച്ചു. ബ്ലോക്കുതലത്തിൽ ഡിസംബർ 24ന് യോഗം ചേരുന്നുണ്ടെന്നും അതോടെ പങ്കാളിത്തം സംബന്ധിച്ച് വ്യക്തമായ രൂപരേഖ നിർമിക്കാൻ കഴിയുമെന്നും കുടുംബശ്രീ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികളിലും താൽപ്പര്യമുള്ളവർക്ക് പങ്കെടുക്കാൻ അവസരം ഒരുക്കും. ആശാവർക്കർമാർക്കും സ്‌കൂൾ കോളജ് അധ്യാപകർക്കും വിദ്യാർഥികൾക്കും നവോത്ഥാന  വനിത മതിലിന്റെ ഭാഗമാകാം. 

എം.എൽ.എമാരായ യു.പ്രതിഭ, സജി ചെറിയാൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, വിവിധ പഞ്ചായത്ത് -ബ്ലോക്ക് പ്രസിഡന്റുമാർ, എസ്.എൻ.ഡി.പി. വനിതാ സംഘം അമ്പലപ്പുഴ യൂണിയൻ വൈസ് പ്രസിഡന്റ് ഇന്ദു വിനോദ്, സെക്രട്ടറി ബിന്ദു അജി, ജോയിന്റ് സെക്രട്ടറി പ്രബീന കുഞ്ഞുമോൻ, കെ.പി.എം.എസ്.ജില്ലാ സെക്രട്ടറി എ.പി.ലാൽകുമാർ, ആൾ കേരള വിശ്വകർമ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് വി.രാജഗോപാൽ, ഡെപ്യൂട്ടി കളക്ടർ മുരളീധരൻപിള്ള, ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല,  കുടുബശ്രീ മിഷൻ കോ-ഓർഡിനേറ്റർ സുജ ഈപ്പൻ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.

 

 

date