Skip to main content
കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിലെ കുടിയേറ്റ കര്‍ഷകന്റെ രൂപരേഖ

കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന് അനുമതി

 

ഇടുക്കിയുടെ സ്വപ്ന പദ്ധതിയായ കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് ആദ്യഘട്ടം 3 കോടി രൂപ അനുവദിച്ചു.  ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് എന്ന പദ്ധതിക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് 3 കോടി രൂപ അനുവദിച്ചത്. ഇടുക്കി ഡാമിനോടനുബന്ധിച്ച് ഡി.റ്റി.പി.സിയുടെ കൈവശത്തിലുള്ള ടൂറിസം പദ്ധതിയ്ക്കായി നീക്കി വെച്ചിട്ടുള്ള സ്ഥലത്ത് 5 ഏക്കറിലാണ് ഈ പദ്ധതി തയ്യാറാവുന്നത്.  അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി, കെ.കെ. ജയചന്ദ്രന്‍ എക്‌സ് എം.എല്‍.എ, ഡി.റ്റി.പി.സി എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം സി.വി. വര്‍ഗ്ഗീസ് എന്നിവര്‍ ടൂറിസം വകുപ്പ് മന്ത്രിയ്ക്ക് പദ്ധതി അനുവദിക്കുന്നതിന് നിവേദനം നല്‍കിയിരുന്നു. കുടിയേറ്റ കര്‍ഷക ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു ശില്‍പ്പമാണ് പ്രധാന ആകര്‍ഷണം.  ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെ വിവിധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാന വ്യക്തികളുടെ പ്രതിമകളും പദ്ധതിയുടെ ഭാഗമായി ഉണ്‍ണ്ടാകും.

 

 ജില്ലയിലെ പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങള്‍ സൂചിപ്പിക്കുന്ന എക്‌സിബിഷന്‍ സെന്റര്‍, കോഫി ഷോപ്പ്, നടപ്പാത, സോളാര്‍ ലൈറ്റിംഗ് എന്നിവ ഉള്‍പ്പെട്ടതാണ് പദ്ധതി.  ജില്ലയിലെ ടൂറിസം വികസനത്തിന് പദ്ധതി കുതിപ്പേകുന്നതാണെന്ന് ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി. വിജയന്‍ പറഞ്ഞു.   പ്രളയത്തെ തുടര്‍ന്ന് ഏറ്റവും തകര്‍ച്ച നേരിട്ട ചെറുതോണിയ്ക്ക് പദ്ധതിയ്ക്ക് ലഭിച്ച അംഗീകാരം ഉണര്‍വ് പകരും.  നിലവില്‍ മൂന്നാര്‍, വാഗമണ്‍, രാമക്കല്‍മേട് എന്നീ സ്ഥലങ്ങളിലാണ് ടൂറിസ്റ്റുകള്‍ ഇപ്പോള്‍ കൂടുതലായി എത്തുന്നത്.  ഇതോടൊപ്പം ഇടുക്കിയിലും പരിസര പ്രദേശങ്ങളിലുമുള്ള ടൂറിസം സാദ്ധ്യതകള്‍ വികസിപ്പിക്കുന്നതിന് പദ്ധതി ഉപകരിക്കും.  നിലവില്‍ ചെറുതോണിയിലെ ഹില്‍വ്യൂ പാര്‍ക്കിലും ഇടുക്കി പാര്‍ക്കിലും നവീകരണ പരിപാടികള്‍ നടന്നുവരികയാണ്.  ഹില്‍വ്യൂ പാര്‍ക്കില്‍ പി.പി.പി മോഡലില്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്.  എക്‌സിബിഷന്‍ സെന്റര്‍ ഇടുക്കിയുടെ ചരിത്രം സൂചിപ്പിക്കുന്നതായിരിക്കും.  പുതിയ തലമുറയ്ക്കും ടൂറിസ്റ്റുകള്‍ക്കും ജില്ലയുടെ ഭൂതകാലത്തെ മനസ്സിലാക്കുന്നതിന് സഹായിക്കുന്നതാണ് പദ്ധതി.  പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ കഴിയും.  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് നിര്‍വ്വഹണ ഏജന്‍സി.

date