Skip to main content

പുനർനിർമാണത്തിലുള്ള വീടുകൾ മാർച്ചിൽ പൂർത്തിയാക്കണം- മുഖ്യമന്ത്രി പിണറായി വിജയൻ

 

* ജില്ലാ കളക്ടർമാരുടേയും വകുപ്പുമേധാവികളുടേയും വാർഷികസമ്മേളനം തുടങ്ങി

 

പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമായി നിർമാണം ആരംഭിച്ച വീടുകൾ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കാൻ കളക്ടർമാർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ കളക്ടർമാരുടേയും വകുപ്പുമേധാവികളുടേയും വാർഷികസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനർനിർമാണം സംബന്ധിച്ച പ്രവർത്തനങ്ങൾ സാധാരണനിലയിൽ കാണാതെ ചലഞ്ചായി ഏറ്റെടുക്കാൻ കളക്ടർമാർ സജ്ജമാകണം. വാർഷികപദ്ധതി ഭാഗമായുള്ള പ്രവൃത്തികളെയും പ്രത്യേകമായി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളും എങ്ങനെ കൂട്ടിയോജിപ്പിച്ച് സമഗ്രതയിൽ എത്തിക്കാനാവുമെന്ന് ശ്രദ്ധിക്കണം. നവകേരള നിർമിതിക്ക് പുതിയ സങ്കേതങ്ങളും മാനവും വേണം. സുസ്ഥിരമായ മാർഗങ്ങളാകണം ഉപയോഗിക്കേണ്ടത്. 

സഹായം സംബന്ധിച്ച പരാതികൾ പരിഗണിച്ച് വസ്തുതാപരമായവയ്ക്ക് നടപടിയുണ്ടാകണം. ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യാൻ നടപടി വേണം. വീട് നിർമാണത്തിന് പരിഗണിക്കുമ്പോൾ തലമുറകളായി താമസിച്ചുവരുന്ന വീടുകൾ, പുറമ്പോക്കിലുള്ളവർ തുടങ്ങിയവരുടെ കാര്യത്തിൽ സാഹചര്യങ്ങൾ പരിശോധിച്ച് അനുഭാവപൂർണമായ സമീപനം വേണം.

ലോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെടൽ വേണം. ജില്ലാതല ബാങ്കിംഗ് കമ്മിറ്റി യോഗം വിളിക്കണം. ബ്‌ളോക്കുതല അദാലത്തുകൾ ജനുവരി 15ന് മുമ്പ് പൂർത്തിയാക്കണം.

ഈ സാമ്പത്തികവർഷം തന്നെ റോഡ്, വീട് എന്നിവ കഴിയുന്നത്ര പൂർണതയിൽ എത്തിക്കാനാകണം. ജീവനോപാധിയുടെ വിഷയത്തിൽ ഒാരോ സ്ഥലത്തും ഓരോ വിഭാഗങ്ങൾക്കുമുള്ള പ്രശ്‌നങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കാനാകണം. ഈ സാമ്പത്തികവർഷം തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനങ്ങൾ എങ്ങനെ വർധിപ്പിക്കാനാകുമെന്ന് പരിശോധിക്കണം. 

നാശനഷ്ടമുണ്ടായ വീടുകൾക്ക് പുറമേ സ്‌കൂൾ, അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, റോഡ് എന്നിവയുടെ നിർമാണപ്രവർത്തനങ്ങളിലും നിരീക്ഷണം വേണം. രണ്ടാഴ്ച കൂടുമ്പോൾ വിലയിരുത്തൽ യോഗങ്ങൾ നടത്തണം.

മിഷനുകളുടെ പ്രവർത്തനങ്ങളിൽ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം. പശ്ചാത്തലസൗകര്യവികസനം, സ്ഥലം ഏറ്റെടുപ്പ് വിഷയങ്ങളിൽ കളക്ടർമാർ പ്രത്യേക ശ്രദ്ധ പുലർത്തണം. ദേശീയപാത, റെയിൽവേ വികസനത്തിന് സ്ഥലം ഏറ്റെടുപ്പ് കൂടുതൽ ശ്രദ്ധവേണം. 

കേന്ദ്രീകൃത മാലിന്യപ്ലാൻറുകൾ പുതിയ വരേണ്ടതുണ്ട്. പുതുതായി വരുന്നവ പ്രശ്‌നമുണ്ടാക്കുന്നവയല്ലെന്നുംഊർജോത്പാദനത്തിന് കഴിയുന്നതാണെന്നും നാട്ടുകാരെ ബോധ്യപ്പെടുത്താനാകണം. മതസൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ വർഗീയസംഘർഷമുണ്ടാക്കാൻ ശ്രമങ്ങളുണ്ടായാൽ ശക്തമായ നടപടിവേണം. പോലീസ് സ്‌റ്റേഷനുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ നടപടിവേണം. പോലീസും ജില്ലാ കളക്ടർമാരുമായി കൃത്യമായ ആശയവിനിമയം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയകാലത്തെ പ്രവർത്തനങ്ങൾക്കും ഏകോപനത്തിനും കളക്ടർമാരെയും വകുപ്പധ്യക്ഷൻമാരെയും മുഖ്യമന്ത്രി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. റവന്യൂ റിക്കവറി ഇനത്തിൽ ലഭിക്കാനുള്ളത് വേഗത്തിൽ പിരിക്കാൻ നടപടിവേണമെന്ന് യോഗത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഇക്കാര്യത്തിൽ സ്‌റ്റേ ലഭിച്ചവ ആറുമാസത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ സ്‌റ്റേ ബാധകമല്ലെന്ന സുപ്രീം കോടതി ഉത്തരവുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ ഇനത്തിലും വലിയതുക പിരിഞ്ഞുകിട്ടാനുണ്ട്. ഈ സർക്കാർ വന്ന ശേഷം 70,000 പേർക്ക് പട്ടയം നൽകി. 30,000 പേർക്ക് ജനുവരിയിൽ നൽകാൻ നടപടിയായിട്ടുണ്ട്. ലാൻഡ് ട്രിബ്യൂണലിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർക്കാൻ നടപടിവേണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.പി. ജയരാജൻ, ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരൻ, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീൽ, കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗം വ്യാഴാഴ്ചയും തുടരും. 

പുനർനിർമാണപ്രവർത്തനങ്ങൾ, ദേശീയപാത വികസനം, റെയിൽവേ വികസനം, മാലിന്യ സംസ്‌കരണം, കൊച്ചി സേലം പൈപ്പ് ലൈൻ, സിറ്റി റോഡ് ഇംപ്രൂവ്‌മെൻറ്, ബൈപ്പാസ് വികസനം തുടങ്ങി വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

പി.എൻ.എക്സ്. 5564/18

date