Skip to main content

യുവത വനിതാമതിലിനൊപ്പം'  നവോത്ഥാന സംഗമത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തി

 

സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ നാളെ (21ന്) കോഴഞ്ചേരിയില്‍ നടക്കുന്ന 'യുവത വനിതാമതിലിനൊപ്പം' നവോഥാന സംഗമത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തി. എഡിഎം പി.ടി എബ്രഹാമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും, തദ്ദേശഭരണ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിശകലനം ചെയ്തു. വനിതാമതിലിന് കേരള യുവതയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സി. കേശവന്‍ നഗറില്‍ (കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ് മൈതാനം) നവോഥാനസംഗമം സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം പേര്‍ നവോത്ഥാനസംഗമത്തില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന യുവജന കമ്മീഷനംഗം കെ.യു ജനീഷ്‌കുമാര്‍ അറിയിച്ചു. നവോഥാന സംഗമത്തിന്റെ ഭാഗമായി കോഴഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നവോഥാന ചിത്ര പ്രദര്‍ശനം നടക്കുന്നുണ്ട്. സംഗമത്തിന്റെ പ്രചരണാര്‍ത്ഥം നവോഥാന കലാജാഥകള്‍ ജില്ലയിലുടനീളം പര്യടനം നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് (20ന്) വൈകിട്ട് നാലിന് കോഴഞ്ചേരി സി. കേശവന്‍ സ്‌ക്വയറില്‍ നിന്നും നവോഥാന സംഗമ നഗരിയിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചിട്ടുണ്ട്. കൂട്ടയോട്ടം പത്തനംതിട്ട എസ്പി ടി. നാരായണന്‍ ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സംസ്ഥാന യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം ദീപം തെളിയിക്കും. നാളെ (21ന്) ജില്ലയിലെ നവോഥാന ചരിത്രം ഉറങ്ങുന്ന സ്മാരകങ്ങളില്‍ നവോഥാന ദീപശിഖാ ജാഥകള്‍ പര്യടനം ആരംഭിച്ച് സംഗമ നഗരിയിലേയ്ക്ക് പുറപ്പെടും. മുക്കൂത്തി സമരം നടന്ന പന്തളം ചന്തയില്‍ നിന്നും പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.കെ സതി ജാഥാ ലീഡര്‍ യുവനടന്‍ അനന്തു ഷാജിക്ക് കൈമാറുന്ന ദീപശിഖയും, മൂലൂര്‍ സ്മാരകത്തില്‍ നിന്നും മുന്‍ എംഎല്‍എ കെ.സി രാജഗോപാല്‍ ജാഥാ ലീഡര്‍ യുവനടന്‍ ദിപുലിന് കൈമാറുന്ന ദീപശിഖയും, പൊയ്കയില്‍ കുമാരഗുരുദേവന്‍ സമാരകത്തില്‍ നിന്നും ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസൂയദേവി യുവകവി ജിനു കൊച്ചുപ്ലാമൂട്ടിലിന് കൈമാറുന്ന ദീപശിഖയും, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവല്‍ യുവകവി കാശിനാഥന് കൈമാറുന്ന ദീപശിഖയും ജില്ലയിലെ നവോഥാന സ്മാരകങ്ങളിലൂടെ പര്യടനം നടത്തി ജാഥകളായി ഉച്ചയ്ക്ക് രണ്ടിന് തെക്കേമലയില്‍ സംഗമിച്ച് സംഗമ നഗരിയില്‍ എത്തിച്ചേരും. 2:30 മുതല്‍ 'കനവ്' നവോഥാന കലാമേള കോഴഞ്ചേരി പഞ്ചായത്ത് മൈതാനത്ത് അരങ്ങേറും. വൈകിട്ട് മൂന്നിന് നവോഥാന മഹാസംഗമം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ വീണാജോര്‍ജ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, മാത്യു ടി. തോമസ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ വിനീത്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍, സംസ്ഥാന യുവജനകമ്മീഷന്‍ സെക്രട്ടറി ഡി. സന്തോഷ്‌കുമാര്‍, യുവജനകമ്മീഷനംഗം അഡ്വ. കെ.യു ജനീഷ്‌കുമാര്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, പിഎസ്സി അംഗം അഡ്വ. റോഷന്‍ റോയി മാത്യു, മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍, കെ.പി ഉദയഭാനു, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസ്, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എ.പി ജയന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായര്‍,  സാഹിത്യകാരന്‍ എസ് കലേഷ്, അഭിനേത്രി മല്ലികാ സുകുമാരന്‍, യുവനടന്മാരായ ദിപുല്‍ മനോഹര്‍, അനന്തു ഷാജി, യുവ കവികളായ ജിനു കൊച്ചുപ്ലാമൂട്ടില്‍, കാശിനാഥന്‍ തുടങ്ങിയവര്‍ സംസാരിക്കും. 

യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സംഗേഷ് ജി. നായര്‍, യുവജനകമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. അനീഷ്‌കുമാര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                                                (പിഎന്‍പി 4104/18)

date