Skip to main content

വനിതാ മതിലിനു പൂര്‍ണ പിന്തുണ : ഡോ ഷാഹിദ കമാല്‍ 

 

നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്നും കക്ഷിരാഷ്ട്രീയം, മതം, ജാതി, ഇവയുടെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെന്നും വനിതാ കമ്മീഷനംഗം ഡോ ഷാഹിദ കമാല്‍. തിരുവല്ല വൈഎംസിഎ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ പരാതികള്‍ പരിഹരിക്കുകയായിരുന്നു കമ്മീഷനംഗം.

സ്ത്രീ പുരുഷ സമത്വത്തിന്റെ ആശയങ്ങളെ സമൂഹത്തിന്റെ മുന്നില്‍ തുറന്നു കാണിക്കേണ്ടത് അത്യാവശ്യമാണ്. നവോഥാന മൂല്യങ്ങളെയും മതനിരപേക്ഷ ആശയങ്ങളെയും സ്ത്രീ പുരുഷ സമത്വത്തെയും കടന്നാക്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് സമൂഹത്തിന് ലഭ്യമാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വനിതാ മതില്‍ പോലെയുള്ള ആശയങ്ങള്‍ ഉയര്‍ന്നു വന്നത്. വനിതാ മതിലിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് കമ്മീഷനംഗം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഒരു കാര്യത്തിലും സ്ത്രീകളെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ല. വിദ്യാഭ്യാസം, ജോലി, വിശ്വാസം, മതം തുടങ്ങി എല്ലാ കാര്യങ്ങളിലും സ്ത്രീയും പുരുഷനും ഒരു പോലെയാണ്. സാക്ഷരതയില്‍ ഇന്ത്യയുടെ മുഖമായി ഉയര്‍ത്തി കാണിക്കാന്‍ മാതൃകയാണ് കേരളം. ആ കേരളത്തില്‍ സ്ത്രീകള്‍ ഒന്നിച്ചു നിന്നു കൊണ്ട് വനിതാ മതിലിന് പൂര്‍ണ പിന്തുണ നല്‍കണമെന്നും കമ്മീഷനംഗം പറഞ്ഞു.

അദാലത്തില്‍ ആകെ 82 പരാതികളാണ് പരിഗണനയ്‌ക്കെത്തിയത്. ഇതില്‍ 19 എണ്ണം തീര്‍പ്പാക്കി. നാലെണ്ണം പോലീസ് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി കൈമാറി. ഏഴ് പരാതികള്‍ ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ടിനായും കൈമാറി. നാല് പേരെ കൗണ്‍സിലിംഗിന് വിധേയമാക്കും.  38പരാതികള്‍ അടുത്ത അദാലത്തില്‍ തുടര്‍ പരിഗണന നടത്തും.

കമ്മീഷന്‍ ഇന്‍സ്‌പെക്ടര്‍ എം.സുരേഷ് കുമാര്‍, അഭിഭാഷകരായ അഡ്വ എസ് സബീന, അഡ്വ.കെ.ജെ സീന, അഡ്വ. എസ് സീമ, വനിത സെല്‍ എസ് ഐ എ.ആര്‍ ലീലാമ്മ, സി പി ഒ എന്‍ ദീപ്തി, കൗണ്‍സിലര്‍മാരായ അഞ്ചു തോമസ്, രമ്യ കെ പിള്ള തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.                  (പിഎന്‍പി 4110/18)

date