Skip to main content

സംരംക്ഷണം തേടി വയോധിക വനിതാ കമ്മീഷന്‍ അദാലത്തില്‍

 

ഹൃദ്രോഗവും ശാരീരിക-മാനസിക ബുദ്ധിമുട്ടുകളും നേരിടുന്ന വയോധികയ്ക്ക് ആവശ്യമായ സംരക്ഷണമൊരുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദേശം. രണ്ടു മക്കളുള്ള, 75  വയസായ അമ്മിണി തോമസാണ് സംരംക്ഷണവും സുരക്ഷയും തേടി വനിതാ കമ്മീഷന്‍ അദാലത്തില്‍ എത്തിയത്. കോഴഞ്ചേരി സ്വദേശിനിയായ അമ്മിണി ഇളയ മകന്റെ ഒപ്പമാണ് താമസം. ഈ വൃദ്ധയുടെ പേരില്‍ ഉണ്ടായിരുന്ന 25 സെന്റ് സ്ഥലം ഭാഗം വച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. മൂത്ത മകന് അഞ്ച് സെന്റും, ഇളയ മകന് 15 സെന്റ് സ്ഥലവുമാണ് ഭാഗം വച്ചത്. മൂത്ത മകന് കൊടുത്ത അഞ്ച് സെന്റും തന്റെ പേരിലുള്ള അഞ്ച് സെന്റും ആവശ്യപ്പെട്ട് ഇളയ മരുമകള്‍ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നുവെന്നും, മകന്റെ മുന്നില്‍ പോലും മരുമകള്‍ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്നും അമ്മിണി കമ്മീഷനെ അറിയിച്ചു. ഡിസംബര്‍ നാലിന് മരുമകള്‍ ക്രൂരമായി മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കി വിടുകയും, തന്റെ സാധന സാമഗ്രികള്‍  തീയിട്ട് നശിപ്പിക്കുകയും ചെയ്തുവെന്ന് അമ്മിണി പറഞ്ഞു. ഉടുതുണിയുമായി വീടുവിട്ടിറങ്ങിയ അമ്മിണി മൂത്ത മകനോടൊപ്പമാണ് ഇപ്പോള്‍ താമസം. നിരന്തരമുണ്ടായ ബഹളത്തെത്തുടര്‍ന്ന് കോഴഞ്ചേരി നാലാം വാര്‍ഡ് മെമ്പര്‍ റെജി തോമസാണ് അമ്മിണിയെയും, മൂത്ത മകനെയും കൂട്ടി കമ്മീഷന് മുന്നില്‍ ഹാജരായത്. പരാതി പരിഗണിച്ച കമ്മീഷനംഗം അടിയന്തര നടപടികളുടെ ഭാഗമായി ആറന്മുള എസ് എച്ച് ഒ ബി അനിലിനെ വിളിച്ച് അമ്മിണി നല്‍കിയ പരാതിയില്‍ അടിയന്തര നടപടി സ്വീകരിച്ച് 14 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. അമ്മിണിയുടെ  ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് എല്ലാ സുരക്ഷ ഉറപ്പാക്കുമെന്നും കമീഷനംഗം പറഞ്ഞു. കമ്മീഷന് മുന്നില്‍ അമ്മിണിയെ ഹാജരാക്കുന്നതിന് സമയവും സഹായവുമൊരുക്കിയ പഞ്ചായത്ത്  വാര്‍ഡ് മെമ്പറെ കമ്മീഷന്‍ അഭിനന്ദിച്ചു. പ്രായമായ മാതാപിതാക്കളെ വഴിയില്‍ ഉപേക്ഷിക്കന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു. 

                                                             (പിഎന്‍പി 4111/18)

date