Skip to main content

നാല് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

 

ജില്ലയിലെ നാല് തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകാരം നല്‍കി. റാന്നി ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളായ മലയാലപ്പുഴ, കുളനട, വെച്ചൂച്ചിറ എന്നിവയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. നേരത്തെ മൂന്ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ജില്ലയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് അംഗീകാരം നേടിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ എണ്ണം ഏഴായി. 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി ഡിസംബര്‍ 31 ആയതിനാല്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പുതിയ വര്‍ഷത്തെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ ജില്ല സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നാക്കം പോയിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ എല്ലാ തദ്ദേശഭരണ ഭാരവാഹികളും പ്രതേ്യക ശ്രദ്ധ ചെലുത്തണം. പദ്ധതി തുക വിനിയോഗത്തിലും ജില്ല അല്‍പ്പം പിന്നോട്ടുപോയിട്ടുണ്ട്. ഇക്കാര്യത്തിലും പ്രതേ്യക ശ്രദ്ധ ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. 

62 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കും യോഗം അംഗീകാരം നല്‍കി. 

ആസൂത്രണ സമിതി അംഗങ്ങളായ ആര്‍.ബി.രാജീവ് കുമാര്‍, വിനീതാ അനില്‍, കെ.ജി.അനിത, സാം ഈപ്പന്‍, ലീലാ മോഹന്‍, എന്‍.ജി.സുരേന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദരലാല്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                            (പിഎന്‍പി 4113/18)

date