Skip to main content

അടൂര്‍ പോലീസ് ക്യാമ്പില്‍ പുതിയ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും:  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

 

അടൂര്‍ വടക്കടത്തുകാവ് കെഎപി ബറ്റാലിയന്‍ ക്യാമ്പില്‍ പുതിയ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ. പോലീസ് ക്യാമ്പിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് ചോര്‍ന്ന് മലിനജലം ജലസ്രോതസില്‍ കലര്‍ന്ന് പ്രദേശവാസികള്‍ക്ക് ഗുരുതര പ്രശ്നങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് കെഎപി ബറ്റാലിയന്‍ ക്യാമ്പില്‍ പുതിയ പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള സാധ്യത തേടുന്നത്. പുതിയ പ്ലാന്റ് നിര്‍മിക്കുന്നതിന് ശുചിത്വമിഷന്‍ ഫണ്ട് ലഭ്യമാക്കും.  ഇന്നലെ കളക്ടറേറ്റില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്ലാന്റ് നിര്‍മാണം സംബന്ധിച്ച തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി ഇന്ന് (20) രാവിലെ 10ന്  മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, പോലീസ് ഡെപ്യൂട്ടി കമാന്‍ഡന്റ്, പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ക്യാമ്പ് സന്ദര്‍ശിച്ച് സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. പദ്ധതി എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് ശുചിത്വമിഷന്‍ ആണ്.  ഈ റിപ്പോര്‍ട്ടും എസ്റ്റിമേറ്റും പ്രൊജക്ട് തയ്യാറാക്കുന്നതിനായി ഏറത്ത് ഗ്രാമപഞ്ചായത്തിന് കൈമാറും. 

1200ഓളം പോലീസുകാരാണ് ക്യാമ്പില്‍ ഉള്ളത്. താല്‍ക്കാലികമായി നിലവിലെ പ്ലാന്റിന് സമീപത്ത് വലിയ ഒരു സോക്ക്പിറ്റ് കുഴിച്ച് മാലിന്യം അതിലേക്കാണ് ഒഴുക്കിവിടുന്നത്.  പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി പ്രദേശവാസികളുടെ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. യോഗത്തില്‍ എഡിഎം പി.ടി എബ്രഹാം, അടൂര്‍ ആര്‍ഡിഒ എം.എ റഹീം, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാര്‍, സെക്രട്ടറി എം. സുചിത്രാദേവി, തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, കെഎപി മൂന്നാം ബറ്റാലിയന്‍ എസ്ഐ വി.ആര്‍ റജി ബാലചന്ദ്രന്‍, ഡിഎംഒ ഡോ. എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. രശ്മിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                                                 (പിഎന്‍പി 4115/18)

date