Skip to main content

മാതൃകയാകുന്ന പഞ്ചായത്ത് വിദ്യാഭ്യാസ സമിതികള്‍

 

        സമഗ്രശിക്ഷ കേരളയുടെയും ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെയും നേതൃത്വത്തില്‍ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാഭ്യാസ സമിതികള്‍ പ്രവര്‍ത്തനനക്ഷമവും കാര്യക്ഷമവുമാക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നു. ഇതുമായി ബന്ധപ്പെട്ട് കോന്നി ബി.ആര്‍.സി യുടെ കീഴിലുള്ള പ്രമാടം ഗ്രാമപഞ്ചായത്തില്‍ ഒരു മാതൃക പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം പ്രസിഡന്റ് റോബിന്‍ പീറ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സമഗ്രശിക്ഷ കേരളയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് വിദ്യാഭ്യാസസമിതിയുടെ ഘടനയും ഉള്ളടക്കവും പ്രവര്‍ത്തന നടപടിക്രമങ്ങളും നടപ്പാക്കിയത്. പ്രമാടം പഞ്ചായത്ത് വിദ്യാഭ്യാസസമിതി യോഗത്തിന്റെ അനുഭവങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളും പുന:സംഘടിപ്പിക്കുകയും അവ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

           ജനുവരി ആദ്യവാരം മുതല്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പുന:സംഘടിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ സമിതികളുടെ യോഗങ്ങള്‍ ചേര്‍ന്ന്  വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പരിഷ്‌ക്കരിച്ച മാര്‍ഗനിര്‍ദേശ പ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എല്ലാ ഗ്രാമപഞ്ചായത്ത് അംഗങ്ങളും പങ്കെടുക്കും. പഞ്ചായത്തിലെ പ്രഥമാധ്യാപകര്‍, പി.ടി.എ യുടെ പ്രതിനിധികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ഇംപ്ലിമെന്റിംഗ് ഓഫീസര്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍, ട്രെയിനര്‍, ഇതര വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പഞ്ചായത്തു സമിതിയിലെ അംഗങ്ങളാവും. ഓരോ മാസവും പഞ്ചായത്തില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട്് തയ്യാറാക്കും. ക്ലസ്റ്റര്‍ സെന്റര്‍ പ്രഥമാധ്യാപകന്‍ ഇത് യോഗത്തില്‍ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും. തുടര്‍ന്ന്  പഞ്ചായത്ത് ഭരണസമിതിയുടെയും സമഗ്രശിക്ഷ കേരളയുടെയും വിദ്യാഭ്യാസവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും. ഓരോ മാസവും പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയില്‍ ഈ പ്രക്രിയ തുടരും.

          ജില്ലയില്‍ ആദ്യം നടന്ന മാതൃക പി.ഇ.സി യില്‍ പ്രമാടം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലോചനാദേവി, സമഗ്രശിക്ഷ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, ജില്ലാപഞ്ചായത്തംഗം എലിസബത്ത് അബു,  കോന്നി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്‍.എസ് രാജേന്ദ്രകുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജയലക്ഷ്മി എ.പി, സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ജാസ്‌കര്‍ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  വിവിധ ബി.ആര്‍.സികളില്‍ നിന്നും മാതൃകാ പി.ഇ.സി നിരീക്ഷിക്കാന്‍ പ്രതിനിധികള്‍ എത്തിയിരുന്നു.         (പിഎന്‍പി 4116/18)

date