Skip to main content

കേരളത്തിന്റെ നില ഉയരുന്നതിൽ വ്യവസായികളുടെ മാർക്കും പ്രധാനം - മന്ത്രി ഇ.പി. ജയരാജൻ

 

* കെസ്വിഫ്റ്റ് പൈലറ്റ് ലോഞ്ച് നടത്തി

വ്യവസായരംഗത്ത് കേരളത്തിന്റെ റാങ്ക് ഉയരണമെങ്കിൽ വ്യവസായികൾ ഇടുന്ന മാർക്കും ഒരു ഘടകമാണെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. അതുമനസ്സിലാക്കി ആധുനികകാലത്തിന് അനുസൃതമായി കേരളത്തിന്റെ വ്യവസായരംഗത്തെ ഒരു കുതിപ്പിലേക്ക് ഉയർത്തുന്ന സംരംഭമാണ് കെസ്വിഫ്‌റ്റെന്ന് മന്ത്രി പറഞ്ഞു. വ്യവസായം തുടങ്ങുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഏകജാലക സംവിധാനമായ കെസ്വിഫ്റ്റിന്റെ (സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്‌പേരന്റ് ക്‌ളിയറൻസ്) പൈലറ്റ് ലോഞ്ച് താജ് വിവാന്റയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പുതിയ ഓൺലൈൻ സംവിധാനത്തിലൂടെ മുപ്പത് ദിവസത്തിനകം വകുപ്പുകൾ അനുമതിപത്രം ലഭ്യമാക്കണം. ഉദ്യോഗസ്ഥസംവിധാനത്തെ കാര്യക്ഷമമാക്കാനും അതുവഴി സംരംഭകർക്ക് സഹായകമാകാനും  കെസ്വിഫ്റ്റിലൂടെ സാധിക്കും. വ്യവസായരംഗത്ത് നമ്മുടെ റാങ്ക് ഉയരുന്നത് അന്താരാഷ്ട്ര നിക്ഷേപകരെയും ആഭ്യന്തര സംരംഭകരെയും സ്വാധീനിക്കുമെന്നും മന്ത്രി പറഞ്ഞു. പൈലറ്റ് ലോഞ്ചിംഗിന്റെ പരിമിതികൾ മനസ്സിലാക്കി പരിഹരിച്ച ശേഷമുള്ള കെസ്വിഫ്റ്റിന്റെ ഫൈനൽ ലോഞ്ചിംഗ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ, പരിസ്ഥിതി അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വ്യവസായനയ, പ്രോത്സാഹന വകുപ്പ് അഡിഷണൽ സെക്രട്ടറി ശൈലേന്ദ്രസിങ്്, കെപിഎംജി അഡ്‌വൈസറി സർവീസസ് ഡയറക്ടർ പ്രസാദ് ഉണ്ണിക്കൃഷ്ണൻ, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ ടെക്‌നിക്കൽ ഡയറക്ടർ ഇ.കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസന്റേഷനുകൾ നടത്തി. വ്യവസായ, വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ സ്വാഗതവും കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ ഡോ.ഷർമിള മേരി ജോസഫ് നന്ദിയും പറഞ്ഞു. സിഐഐ കേരള റീജ്യൺ മുൻ ചെയർമാൻ പി.ഗണേഷ്, ഫിക്കി കേരള റീജ്യൺ ചെയർപേഴ്‌സൺ ദീപക് എൽ.അസ്വാനി എന്നിവരും പങ്കെടുത്തു.

കെസ്വിഫ്റ്റ് വഴി 14 വകുപ്പുകളുടെ ഇരുപത്തിയൊമ്പതോളം സേവനങ്ങൾ ലഭ്യമാകും. വിവിധ വകുപ്പുകൾക്ക് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പറോടെയുള്ള പൊതു അപേക്ഷാഫോം, നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷകളുടെയും അനുമതികളുടെയും ഓൺലൈൻ ട്രാക്കിങ്, 30 ദിവസത്തെ നിശ്ചിത സമയപരിധി കഴിഞ്ഞാൽ അനുമതി ലഭിച്ചതായി കണക്കാക്കൽ,സംയോജിത പേമെന്റ് സംവിധാനം തുടങ്ങിയവ കെസ്വിഫ്റ്റിന്റെ സവിശേഷതകളാണ്. 

പി.എൻ.എക്സ്. 42/19

date