Skip to main content

ഭരണഘടനാസാക്ഷരതാസന്ദേശയാത്ര 14ന് ആരംഭിക്കും: സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

 

* ഭരണഘടനാ സംരക്ഷണസംഗമം 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഭരണഘടനാസാക്ഷരത - ജനകീയവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള ഭരണഘടനാ സാക്ഷരതാ സന്ദേശയാത്ര ജനുവരി 14ന് കാസർകോട് നിന്ന് ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങൾ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭയും സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന യാത്ര ജനുവരി 24ന് തിരുവനന്തപുരം വെങ്ങാനൂരിൽ സമാപിക്കും. ജനകീയവിദ്യാഭ്യാസ പരിപാടി 26ന് റിപ്പബ്‌ളിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഭരണഘടനാസംരക്ഷണസംഗമത്തോടെ സമാപിക്കുമെന്ന് സ്പീക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.  തുല്യതാപഠിതാക്കൾ, പ്രേരക്മാർ, സാക്ഷരതാപ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

കാസർകോട് മഞ്ചേശ്വരത്തുനിന്ന് 14ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന യാത്ര സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കും. യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങൾക്ക് നവോത്ഥാനനായകരുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും പേരാണ് നൽകിയിരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും ഭരണഘടനാസാക്ഷരതാപ്രദർശനവും ഉണ്ടായിരിക്കും.

കഴിഞ്ഞ വർഷം നവംബർ 26നാണ് ജനകീയവിദ്യാഭ്യാസ പരിപാടിയ്ക്കു തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി സംസ്ഥാന, ജില്ല, തദ്ദേശസ്വയംഭരണസ്ഥാപനതലങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺ പരിശീലനം പൂർത്തിയാക്കി വാർഡുകളിൽ ക്ലാസുകൾ നടന്നുവരികയാണ്.  

ജനകീയവിദ്യാഭ്യാസപരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ച് ജനുവരി 25,26,27 തീയതികളിൽ നിയമസഭാഹാളും മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാനായി തുറന്നുനൽകും.

സാക്ഷരതാമിഷൻ ഡയറക്ടർ പി.എസ്.ശ്രീകലയും പങ്കെടുത്തു.        

പി.എൻ.എക്സ്. 77/19

date