Skip to main content

സംസ്ഥാനത്തിന് വലിയ സാധ്യതയുള്ള മേഖലയാണ് ടൂറിസം: മുഖ്യമന്ത്രി

 

സംസ്ഥാനത്തിന് വലിയ സാധ്യതയുള്ള മേഖലയാണ് ടൂറിസമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വസന്തോത്‌സവം 2019 കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ടൂറിസ്റ്റുകൾ അതിഥികളാണ്. അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണം. അടിക്കടിയുണ്ടായ ഹർത്താലുകൾ ടൂറിസം മേഖലയിൽ ചെറിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. നാടിന്റെ പ്രതിഷേധം വല്ലാത്ത അവസ്ഥയിൽ വരുമ്പോൾ അവസാന ഘട്ടമെന്ന നിലയിലാണ് ഹർത്താൽ നടത്താറുള്ളത്. ഇവിടേക്ക് വരുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ചില രാജ്യങ്ങൾ നൽകുന്ന സാഹചര്യം ഉണ്ടായി. ടൂറിസം രംഗത്തെ വികസനത്തിന് ആവശ്യമായ സഹകരണം എല്ലാവരിൽ നിന്നും ഉണ്ടാവണം. 

പ്രളയ ദുരന്തം ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. ഇത് പരിഹരിക്കുന്നതിന് ഫലപ്രദമായ ശ്രമമുണ്ടായി. നാടൊന്നാകെ നിന്നാണ് പ്രളയത്തെ അതിജീവിക്കാൻ ശ്രമിച്ചത്. പ്രളയത്തിൽ തകർന്ന ടൂറിസം മേഖലയിലെ റോഡുകളുടെ പുനസ്ഥാപനം വേഗത്തിൽ നടത്താനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വസന്തോത്‌സവം ഡിസംബറിലെ ക്രിസ്മസ് അവധിക്കാലത്ത് എല്ലാ വർഷവും സംഘടിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിലൂടെ ടൂറിസം കലണ്ടറിൽ വസന്തോത്‌സവത്തെ അടയാളപ്പെടുത്താനാവും. മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവർക്കും വസന്തോത്‌സവം കാണാൻ ഇതിലൂടെ അവസരമൊരുങ്ങുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഒന്നരലക്ഷം പേരാണ് വസന്തോത്‌സവത്തിനെത്തിയത്. ടിക്കറ്റ്, സ്റ്റാൾ വിൽപനയിലൂടെ 83 ലക്ഷം രൂപ ലഭിച്ചു. ഇക്കൊല്ലം ഇതിലും വലിയ വിജയമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. 

അഡ്വ. എ. സമ്പത്ത് എം. പി, കെ. മുരളീധരൻ എം. എൽ. എ, മേയർ വി. കെ. പ്രശാന്ത്, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 111/19

date