Skip to main content

കടല്‍ക്ഷോഭം: ശുചീകരണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പും ശുചിത്വമിഷനും

കാക്കനാട്: കടലാക്രമണത്തെ തുടര്‍ന്ന് മാലിന്യം വന്നടിയുകയും നിരവധി വീടുകളുടെ സെപ്റ്റിക് ടാങ്കുകള്‍ തകരുകയും ചെയ്ത ചെല്ലാനം, വൈപ്പിന്‍ മേഖലയില്‍ നടക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പ്രദേശത്തെ റോഡുകളും വീടുകളും പരിസരങ്ങളും  മാലിന്യക്കൂമ്പാരമായി മാറിയിരുന്നു. സെപ്റ്റിക് ടാങ്കുകളും ടോയ്‌ലെറ്റുകളും തകര്‍ന്നിട്ടുള്ളതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും നിലനിന്നിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പും ശുചിത്വമിഷനും ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ദിവസങ്ങളായി ചെല്ലാനം, വൈപ്പിന്‍ മേഖലയില്‍ നടത്തിവരുന്നത്. ചെല്ലാനം മേഖലയില്‍ നിലവില്‍ പകര്‍ച്ചവ്യാധികളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്‍ അറിയിച്ചു.

 

ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ചെല്ലാനത്ത് 1653 വീടുകളും വൈപ്പിനില്‍ 1144 വീടുകളും സന്ദര്‍ശിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചെല്ലാനത്ത് 25 കിണറുകളും വൈപ്പിനില്‍ 10 കിണറുകളും ക്ലോറിനേഷന്‍ നടത്തി. ചെല്ലാനത്ത് ആറും വൈപ്പിനില്‍ 17 ഉം മെഡിക്കല്‍ ക്യാംപുകള്‍ നടത്തി. ചെല്ലാനത്ത് 22 ഉം വൈപ്പിനില്‍ 171 ഉം ജീവനക്കാരെയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചത്. കൂടാതെ 188 സന്നദ്ധ പ്രവര്‍ത്തകര്‍ ചെല്ലാനത്തും 462 പേര്‍ വൈപ്പിനിലും സജീവപ്രവര്‍ത്തകരായി. ആശ വര്‍ക്കര്‍മാര്‍ അംഗന്‍വാടി അധ്യാപകര്‍, വാര്‍ഡ് തല ശുചിത്വസമിതി അംഗങ്ങള്‍ എന്നിവരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. 

 

കടല്‍ക്ഷോഭം മൂലം വെള്ളം കയറി ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. എട്ട് ടാങ്കറുകള്‍ ചെല്ലാനത്തും രണ്ട് ടാങ്കറുകള്‍ നായരമ്പലത്തും രണ്ടു ടാങ്കറുകള്‍ എടവനക്കാടും മാലിന്യനീക്കത്തില്‍ ഏര്‍പ്പെട്ടു. ജില്ല നിര്‍മ്മിതി കേന്ദ്രം നിയോഗിച്ച നാല് പ്രത്യേക ടീമുകള്‍ വീടുകള്‍ കയറിയിറങ്ങി പരിശോധിച്ച് ടോയ്‌ലെറ്റുകളുടെ കേടുപാടുകള്‍ ഉപയോഗക്ഷമമാക്കുന്നുണ്ട്. മുന്നൂറോളം വീടുകളില്‍ സംഘാംഗങ്ങള്‍ പരിശോധന നടത്തി. 53 ടോയ്‌ലെറ്റുകള്‍ ഇതുവരെ കേടുപാടുകള്‍ പരിഹരിച്ച് ഉപയോഗക്ഷമമാക്കി. കൂടാതെ ചെല്ലാനത്ത് 28 ടോയ്‌ലെറ്റുകള്‍ പൂര്‍ണ്ണമായി നശിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. 

 

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ചെല്ലാനത്ത് 782 വീടുകളില്‍ ശുചീകരണം പൂര്‍ത്തിയാക്കി. 65 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. മാലിപ്പുറം സിഎച്ച്‌സിയുടെ നേതൃത്വത്തില്‍ അയ്യമ്പിള്ളി, ഞാറയ്ക്കല്‍, നായരമ്പലം, എടവനക്കാട് എന്നീ പഞ്ചായത്തുകളിലായി 393 വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.  

date