Skip to main content

കെ.എ.എസ്: മൂന്നു സ്ട്രീമിലും സംവരണം ഉറപ്പാക്കും

 

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ മൂന്നു സ്ട്രീമുകളിലും നിയമാനുസരണമുള്ള സംവരണം ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ, പിന്നാക്കക്ഷേമ, നിയമമന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൂന്നു സ്ട്രീമുകളിൽ ആദ്യത്തേത് നേരിട്ടുള്ള നിയമനമാണ്. ഇതിൽ നിയമാനുസൃത സംവരണം നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ സ്ട്രീം നോൺ-ഗസറ്റഡ് ജീവനക്കാരും അതിൽ താഴെയുള്ളവരും, മൂന്നാമത്തെ സ്ട്രീം ഫസ്റ്റ് ഗസറ്റഡ് പോസ്റ്റും അതിനു മുകളിലുള്ളവരുമാണ്. രണ്ടാമത്തെയും മൂന്നാമത്തെയും സ്ട്രീമുകളിൽ  സംവരണം ഉണ്ടാകുമോ എന്ന ആശയക്കുഴപ്പമാണ് പലരും ഉന്നയിച്ചത്. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മൂന്നു സ്ട്രീമിലും നിയമാനുസൃതമായ സംവരണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് ആവശ്യമെങ്കിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയതായും മന്ത്രി വ്യക്തമാക്കി.

മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സർക്കാർ നിയമനങ്ങളിലുള്ള സംവരണം സംബന്ധിച്ച് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

പിന്നാക്കാവസ്ഥയിലുള്ള മുന്നാക്ക സമുദായക്കാരുടെ സംവരണത്തിന് ക്രീമിലെയർ സാമ്പത്തിക സീലിംഗ് നിശ്ചയിക്കുന്നത് സംബന്ധിച്ച് ആവശ്യമായ ചട്ടം കൊണ്ടുവരും. അതിനായി കേരള സ്‌റ്റേറ്റ് സബോർഡിനേറ്റ് സർവീസ് റൂളും കെ.ഇ.ആറും ഭേദഗതി വരുത്തിയാൽ മതിയാകും. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 30 വിഭാഗങ്ങളെ ഒ.ബി.സിയിൽ നിന്ന് ഒ.ഇ.സിയിലേക്ക് മാറ്റിയ നടപടി പിൻവലിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് നിലവിൽ ലഭിച്ച വിദ്യാഭ്യാസാനുകൂല്യങ്ങൾ റദ്ദാക്കില്ല. ഇവർക്ക് ആനുകൂല്യങ്ങൾക്ക് 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസാനുകൂല്യത്തിന് കുടിശ്ശികയായി 189 കോടി രൂപ ഇവർക്ക് നൽകാനുണ്ടായിരുന്നതായും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 241/19

date