Skip to main content

വിധവകള്‍ക്ക് വേണ്ടിയുള്ള സംരംഭകത്വ വികസന പരിശീലനം 

   സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലായി 18നും 55നും മദ്ധ്യേ പ്രായമുള്ള വിധവകള്‍ക്ക്  ജില്ലതോറും സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ആരംഭിക്കുന്നു. 40 വയസ്സിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനായി തെരഞ്ഞെടുക്കും. ഒറ്റപ്പെട്ടുപോയ ഈ സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിലേക്കായി സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വ്വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും ലഭ്യമാക്കുന്നതാണ്. മിനിമം യോഗ്യത- പത്താം ക്ലാസ്സ് പഠനം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കും. മൂന്നു ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആയിരം രൂപ സ്റ്റൈപ്പന്റ് നല്‍കും.
    സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയം പര്യാപ്തത നേടുന്നതിന് വേണ്ട സാഹചര്യം ഒരുക്കുന്നതിനുമാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.  ജില്ലയില്‍ നടക്കുന്ന ഈ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) കോഴിക്കോട് മേഖലാ ഓഫീസില്‍ ഈ മാസം 19 നകം സമര്‍പ്പിക്കണം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം  സമര്‍പ്പിക്കണം. 
    അപേക്ഷ അയക്കേണ്ട വിലാസം - മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, നിര്‍മ്മല്‍ ആര്‍ക്കേഡ്,  കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്കു സമീപം, ബൈപ്പാസ് റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട്-06. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04952766454, 9496015010
 

date