Skip to main content

തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കും · ഹരിത തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു.

 

    ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നടത്തിപ്പിലും  ഹരിത നിയമാവലി ചട്ടം നിര്‍ബന്ധമാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍  എ.ആര്‍ അജയകുമാര്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ നടന്ന തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിലാവണം തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നുളള  ഹൈകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിക്കും. ശുചിത്വ മിഷന്റെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെയാണ് ഗ്രീന്‍ പ്രോട്ടോക്കാള്‍ നടപ്പാക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ കോട്ടണ്‍ തുണി, പേപ്പര്‍ തുടങ്ങിയ പുനചംക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കും. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ഒഴിവാക്കും. പോളിംഗ് ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷന്‍ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം  നിയന്ത്രിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള ഭക്ഷണവും കുടിവെളളവും വിതരണം ചെയാന്‍ പ്രാദേശിക കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്തും.  ഭക്ഷണം വിതരണം ചെയ്യാന്‍ പ്ലാസ്റ്റിക് ബോട്ടിലും കണ്ടെയിനറുകളും ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

      സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ തയ്യാറാക്കുന്നതിന് പ്ലാസ്റ്റിക്, പിവിസി മുതലായ വസ്തുക്കള്‍ ഉപയോഗിക്കരുത്. പകരം പുനചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതി  സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. പ്രചരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടിതോരണങ്ങളും പൂര്‍ണമായും പ്ലാസ്റ്റിക്, പിവിസി മുക്തായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

        യോഗത്തില്‍ ഹരിത തെരഞ്ഞെടുപ്പ് ലോഗോ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരായ ടി.ജനില്‍കുമാര്‍, റോഷ്‌നി നാരായണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം റംല, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ട്രര്‍ പ്രസന്നകുമാരി, സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ട്രര്‍ കതിര്‍ വടിവേലു  തുടങ്ങിയവര്‍ പങ്കെടുത്തു. മാസ്റ്റര്‍ ട്രെയിനര്‍ എം.വി മാത്യൂ, ജില്ലാ പ്രോഗ്രാമര്‍ യു.ആര്‍ ഉദയകുമാര്‍ എന്നിവര്‍ പരിശീലനം നല്‍കി. 

date