Skip to main content

കുടിവെള്ള വിതരണം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  തുക വിനിയോഗിക്കാം

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക വിനിയോഗിക്കാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ മാര്‍ച്ച് 31 വരെ 5.50 ലക്ഷം രൂപയും മുനിസിപ്പലിറ്റിയില്‍ 11 ലക്ഷം രൂപയും കോര്‍പ്പറേഷനില്‍ 16.50 ലക്ഷം രൂപയുമാണ് ചെലവഴിക്കാവുന്നത്. ഏപ്രില്‍ മുതല്‍ മെയ് 31 വരെ ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ യഥാക്രമം 11 ലക്ഷം, 16.50 ലക്ഷം, 22 ലക്ഷം രൂപയും വിനിയോഗിക്കാം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത്/ പ്ലാന്‍ ഫണ്ടില്‍ നിന്നുമുള്ള തുക വിനിയോഗിച്ചാണ് കുടിവെള്ള വിതരണം നടത്തേണ്ടത്.

കുടിവെള്ളക്ഷാമം  രൂക്ഷമായ പ്രദേശങ്ങളില്‍ ജി പി എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെള്ളം ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യത്തിനനുസരിച്ച് വിതരണം നടത്തേണ്ടതാണ്. നിലവില്‍ ദുരന്ത നിവാരണ വകുപ്പ് മുഖേന സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌കുകള്‍ വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ ഫണ്ടുപയോഗിച്ച് ജി പി എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്താം. 

ജില്ലാതല റവന്യു അധികാരികള്‍ക്ക് നിരീക്ഷണത്തിനും  ജി പി എസ് ട്രാക്കിംഗിനുമുള്ള സംവിധാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല മേധാവികള്‍ ഏര്‍പ്പെടുത്തും. ജി പി എസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും പരിശോധിച്ച് സുതാര്യത ഉറപ്പുവരുത്തിയ ശേഷം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ തുക വിനിയോഗിക്കേണ്ടതാണ്. കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി തദ്ദേശവകുപ്പിന്റെ ജില്ലാതല മേധാവികള്‍ ഓരോ രണ്ടാഴ്ചയിലും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. ഇതോടൊപ്പം കുടിവെള്ള വിതരണം സംബന്ധിച്ച് ദുരന്ത നിവാരണ വകുപ്പിന്റെ നിബന്ധനകള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

 

date