Skip to main content

തെരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക്  മുന്‍കൂര്‍ അനുമതി വേണം

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദിനപ്പത്രങ്ങള്‍, ടി.വി, റേഡിയോ, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവയില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ നല്‍കുന്നതിനു മുമ്പ് ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെംബര്‍ സെക്രട്ടറിയുമായ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

നല്‍കാനുദ്ദേശിക്കുന്ന പരസ്യത്തിന്റെ ഇലക്‌ട്രോണിക് ഫോര്‍മാറ്റിലും പ്രിന്റ് ഫോര്‍മാറ്റിലുമുള്ള രണ്ട് വീതം കോപ്പികള്‍ സഹിതം നിശ്ചിത ഫോറത്തിലാണ് അനുമതിക്ക് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ പരസ്യം നിര്‍മിക്കാനുള്ള ചെലവ്, അത് പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ സംപ്രേഷണം ചെയ്യാനോ ഉദ്ദേശിക്കുന്ന സമയം, അതിന് വേണ്ടിവരുന്ന ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. സ്ഥാനാര്‍ഥിയോ പാര്‍ട്ടി പ്രതിനിധിയോ അല്ലാത്ത വ്യക്തിയാണ് പരസ്യം നല്‍കുന്നതെങ്കില്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള ആ വ്യക്തിയുടെ സത്യവാങ്മൂലം സമര്‍പ്പിക്കണം. പരസ്യവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ചെക്കായോ ഡി.ഡിയായോ ആണ് നല്‍കിയതെന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം നല്‍കണം. 

അംഗീകൃത പാര്‍ട്ടികള്‍ പരസ്യം നല്‍കാനുദ്ദേശിക്കുന്നതിന്റെ ചുരുങ്ങിയത് മൂന്നു ദിവസം മുമ്പും ചെറുകിട പാര്‍ട്ടികള്‍ ഏഴുദിവസം മുമ്പുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ എം.സി.എം.സിക്ക് അധികാരമുണ്ട്. കമ്മിറ്റിയില്‍ നിന്ന് അനുമതി പത്രം ലഭിച്ച ശേഷമേ ഇവ പ്രസിദ്ധീകരിക്കാവൂ എന്നും കലക്ടര്‍ അറിയിച്ചു. ഇത് ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേ 2000 രൂപ പിഴയോ ആറു മാസം തടവോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കും. 

ബള്‍ക്ക് എസ്.എം.എസ്, വോയ്‌സ് മെസേജ് സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നവരും എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. മാധ്യമങ്ങള്‍ സൗജന്യമായാണ് പരസ്യം നല്‍കുന്നതെങ്കില്‍ പോലും നേരത്തേ നിശ്ചയിക്കപ്പെട്ട നിരക്ക് സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും.

എം.സി.എം.സിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അവ സ്ഥാനാര്‍ഥിയുടെ ചെലവില്‍ വകകൊള്ളിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

 

date