Skip to main content
മാലിന്യമുക്തമാകാനൊരുങ്ങി കലക്ടറേറ്റ് 

പേപ്പറുകളും പേനകളും ഇനി വലിച്ചെറിയരുത്;  മാലിന്യമുക്തമാകാനൊരുങ്ങി കലക്ടറേറ്റ് 

 

കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍(കെഎസ്എംഎ) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ക്യാമ്പയിനും ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഉപയോഗശൂന്യമായ പേപ്പറുകള്‍, പ്ലാസ്റ്റിക്, പേന എന്നിവ നിക്ഷേപിക്കുന്നതിന് പ്രത്യേക ബോക്‌സുകളും കലക്ടറേറ്റില്‍ സ്ഥാപിച്ചു. 

വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റിലും പരിസരത്തും പേപ്പറുകള്‍ വലിച്ചെറിയരുത്. ഏതെങ്കിലും വകുപ്പിന്റെ ഉപയോഗശൂന്യമായ പേപ്പറുകളോ മറ്റ് രേഖകളോ കലക്ടറേറ്റ് പരിസരത്ത് വലിച്ചെറിയപ്പെട്ട രീതിയില്‍ കണ്ടുകിട്ടുകയാണെങ്കില്‍ പ്രസ്തുത വകുപ്പിന്റെ ബന്ധപ്പെട്ട ഓഫീസര്‍ രേഖാമൂലമുള്ള വിശദീകരണം നല്‍കേണ്ടി വരുമെന്നും കലക്ടര്‍ പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഉപയോഗശൂന്യമായ പേപ്പറുകളും മറ്റും റീസൈക്കിള്‍ ബോക്‌സില്‍ മാത്രമേ നിക്ഷേപിക്കാവൂ. 'ഭൂമിയെ രക്ഷിക്കാന്‍ കൈകോര്‍ക്കൂ പുനരുപയോഗത്തിലൂടെ' എന്ന സന്ദേശമുയര്‍ത്തി വിവിധ പ്രവര്‍ത്തനങ്ങളാണ് കെഎസ്എംഎ യുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ കലക്ടറേറ്റ്് പരിസരത്തിന് പുറമെ തലശ്ശേരി, തളിപ്പറമ്പ്, പഴയങ്ങാടി, കൂത്തുപറമ്പ് ഭാഗങ്ങളിലും അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ബോക്‌സുകള്‍ സ്ഥാപിക്കും.  

എഡിഎം ഇ മുഹമ്മദ് യൂസഫ്, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, കെഎസ്എംഎ ജില്ലാ പ്രസിഡണ്ട് പിഎം മുഹമ്മദ് അര്‍ഷാദ്, സെക്രട്ടറി കെ ഗംഗാധരന്‍, വിവിധ വകുപ്പ് മേധാവികള്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date