Skip to main content
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍  ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം  വോട്ടെണ്ണല്‍ കേന്ദ്രമായ പൈനാവ്  ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിക്കുന്നു.

തെരഞ്ഞെടുപ്പ്: ഏപ്രില്‍ 13 മുതല്‍ റോഡ് വെട്ടിപ്പൊളിക്കുന്നതിന് നിരോധനം

 

ഏപ്രില്‍ 13 മുതല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതും റോഡ് വെട്ടിപ്പൊളിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്താന്‍ ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന   ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി  ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. സ്വകാര്യ കമ്പനികളുടെ  കേബിള്‍ അറ്റകുറ്റപ്പണിമൂലം ബി.എസ്.എന്‍.എല്ലിന്റെ കേബിള്‍ ശൃംഖലക്ക് തകരാര്‍ സംഭവിക്കുന്നെന്നും ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. കെ.എസ്.ഇ.ബിയുടെ വൈദ്യുതി എത്താത്തിടത്ത് അനെര്‍ട്ട് മുഖേന വൈദ്യുതി എത്തിക്കാനും യോഗത്തില്‍ തീരുമാനമായി. 

ഇടുക്കി ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം  വോട്ടെണ്ണല്‍ കേന്ദ്രമായ പൈനാവ്  ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. സ്‌ട്രോങ്‌റൂമും വോട്ടെണ്ണല്‍ കേന്ദ്രത്തിലൊരുക്കേണ്ട സൗകര്യങ്ങള്‍ സുരക്ഷ എന്നിവയെക്കുറിച്ചും പോലീസും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ജില്ലാകലക്ടര്‍ ചര്‍ച്ച നടത്തി. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍ സിഗ്നല്‍ ശക്തിപ്പെടുത്തുന്നതിനും വൈദ്യുതിബന്ധം ഉറപ്പുവരുത്തുന്നതിനും ജില്ലാകലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, ആര്‍.ഡി.ഒ എന്‍.പി വിനോദ്, ഇലക്ഷന്‍ ഡെപ്യൂട്ടികലക്ടര്‍ ജോസ് ജോര്‍ജ്ജ്, ഇടുക്കി തഹസീല്‍ദാര്‍ നിജുകുര്യന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അബ്ദുള്‍സലാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ജില്ലാകലക്ടര്‍ക്കൊപ്പം എം.ആര്‍.എസ് സന്ദര്‍ശിച്ചു.

date