Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 അംഗപരിമിതര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം

 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അംഗപരിമിതര്‍ക്ക് വോട്ട് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി നൂഹ് അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അംഗപരിമിതരുടെ വോട്ടവകാശ വിനിയോഗം സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 9326 ഭിന്നശേഷിക്കാരാണുള്ളത്. ഇതില്‍ 920 കാഴ്ചപരിമിതിയുള്ളവരും 1337 സംസാര-ശ്രവണ വൈകല്യമുള്ളവരും, 4634 ശാരീരിക വെല്ലുവിളി നേരിടുന്നവരും, 2435 മറ്റ് തരത്തില്‍ ഭിന്നശേഷിയുള്ളവരുമാണുള്‍പ്പെടുന്നത്. ഇവര്‍ക്ക് സുഗമമായി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ജില്ലാ ഭരണകൂടം. 

ബൂത്തുതലത്തില്‍ തന്നെ അംഗപരിമിതരെ കണ്ടെത്തി വോട്ടുചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. തഹസില്‍ദാര്‍മാര്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മുഖേന ഭിന്നശേഷി വോട്ടര്‍മാരുടെ കണക്ക് ശേഖരിച്ചാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്. ഓരോ ബൂത്ത് തലത്തിലുമുള്ള അംഗപരിമിതരുടെ വിവരങ്ങള്‍ അങ്കണവാടി വര്‍ക്കര്‍മാരുടെ സഹായത്തോടെ ശേഖരിക്കും. മാത്രമല്ല, ഇവര്‍ക്ക് ബൂത്ത് തലങ്ങളില്‍ വാഹനസൗകര്യം, വീല്‍ചെയര്‍, റാംപ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. റാംപ് സംവിധാനത്തിന് സൗകര്യമില്ലാത്ത ബൂത്തുകളില്‍ ഡോളി സൗകര്യങ്ങളേര്‍പ്പെടുത്തും. 

അംഗപരിമിതരില്‍ തിരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കുന്നതിന് താലൂക്ക് തലത്തില്‍ വിവിധ എന്‍.ജി.ഒകള്‍ സ്വീപ്പുമായി ചേര്‍ന്ന് ജില്ലയിലുടനീളം ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കാഴ്ച പരിമിതിയുള്ളവര്‍ക്ക് ബ്രെയിലി ലിപി ഡമ്മി ബാലറ്റ് പരിശീലനം നല്‍കും. കൂടാതെ, ജില്ലയിലെ അംഗപരിമിതരുടെ വിശദവിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ വി.ഐ.പി വോട്ടര്‍മാരുടെ കണക്ക്, ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പങ്കാളിത്തം എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ്‌കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ,  തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍, എന്‍.ജി ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.     (ഇലക്ഷന്‍: 51/19)

date