Skip to main content

പൊതുസ്ഥലത്ത് ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചാല്‍ കേസെടുക്കും - ജില്ലാ കലക്ടര്‍

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലത്ത് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചാല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. സ്വകാര്യ സ്ഥലത്ത് സ്ഥാപിക്കുന്നതിന് സ്ഥലമുടമയില്‍ നിന്നും അനുമതി വാങ്ങണം. പൊതുസ്ഥലത്തെ പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് ചെലവായ തുക സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പോസ്റ്റര്‍, ബാനര്‍, ലഘുലേഖ എന്നിവയില്‍ പ്രിന്ററുടെയും പബ്ലിഷറുടെയും പേരും ഫോണ്‍ നമ്പറും നല്‍കണം. ഇവ ഇല്ലാതെ അച്ചടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 1954ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 127(എ) പ്രകാരം നടപടി സ്വീകരിക്കും. ആറ് മാസം വരെ തടവ് ലഭിക്കുന്ന വകുപ്പാണിത്.

തെരഞ്ഞെടുപ്പ് യോഗങ്ങളും റാലികളും നടത്തുന്നതിന് അനുമതി വാങ്ങണമെന്നും അനുമിതിയില്ലാതെ നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. പ്രചരണ വസ്തുക്കള്‍ക്ക് ചിലവഴിക്കാവുന്ന തുക സംബന്ധിച്ചുള്ള അടിസ്ഥാന വില പ്രചരണ ബാനറുകള്‍, പോസ്റ്ററുകള്‍, കട്ടൗട്ട്, സ്റ്റേജ്, ഓഡിറ്റോറിയം, കൊടിതോരണങ്ങള്‍, അനൗണ്‍സ്‌മെന്റ്, പ്രചരണവാഹനങ്ങള്‍, താത്കാലിക ഓഫീസുകള്‍ തുടങ്ങി ദൃശ്യ പത്രമാധ്യമങ്ങളിലെ പരസ്യം ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് വിനിയോഗിക്കുന്ന സാധന സാമഗ്രികളുടെ വിലനിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഇവ യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ കൈമാറി. ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിക്കുന്ന നിരക്ക് കണക്കില്‍ പെടുത്താനും യോഗത്തില്‍ നിര്‍ദേശം നല്‍കി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രിക നല്‍കാം. വരണാധികാരിയായ ജില്ലാ കലക്ടറുടെ അഭാവത്തില്‍ എആര്‍ഒ ചുമതലയുള്ള എല്‍എ ഡെപ്യൂട്ടി കലക്ടര്‍ക്കാണ് പത്രിക നര്‍കേണ്ടത്. എഡിഎം ടി വിജയന്‍, ജില്ല ഫിനാന്‍സ് ഓഫീസര്‍ എന്‍ സന്തോഷ് കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date