Skip to main content

സര്‍ക്കാര്‍ ജീവനക്കാര്‍ മാതൃകാപെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നടപടിയെന്ന് ജില്ലാകലക്ടര്‍

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടം മാര്‍ച്ച് 10ന് നിലവില്‍ വന്നു. പൊതുഭരണവകുപ്പ് ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമം തീരുന്നതുവരെ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രചരണങ്ങളിലും യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുവാന്‍ പാടില്ല. രാഷ്ട്രീയബന്ധമുള്ള യാതൊരു പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും നിഷ്പക്ഷത പാലിക്കേണ്ടതും രാഷ്ട്രീയബന്ധമുള്ള തര്‍ക്കങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതുമാണ്. എല്ലാ പാര്‍ട്ടികളോടും സ്ഥാനാര്‍ത്ഥികളോടും സ്വതന്ത്രവും നീതിയുക്തമായും പക്ഷപാതരഹിതമായും ഇടപെടണം. വോട്ടവകാശം വിനിയോഗിക്കുക എന്നതല്ലാതെ ഒരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയുടെയും ഉദ്ദേശലക്ഷ്യങ്ങളെ വ്യാഖ്യാനിക്കുകയോ അപ്രകാരമുള്ള എന്തെങ്കിലും  പ്രവൃത്തികള്‍ ചെയ്യുവാനോ പാടില്ല. തങ്ങളുടെ പേരോ, ഔദ്യോഗിക പദവിയോ സ്ഥാനമോ ഒരു പാര്‍ട്ടിയേയോ സ്ഥാനാര്‍ത്ഥികളേയോ മറ്റൊരാള്‍ക്ക് എതിരായി ഉപയോഗിക്കുന്നതിനോ  ദുരുപയോഗം ചെയ്യുന്നതിനോ പാടില്ല.

 സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് യോഗങ്ങളോ ക്യാമ്പയിനുകളോ സംഘടിപ്പിക്കുവാനോ, അത്തരം യോഗങ്ങളില്‍ പങ്കെടുക്കുവാനോ പാടില്ലാത്തതും ക്രമസമാധാനം,  സുരക്ഷ എന്നിവയുടെ ചുമതല നിര്‍വഹിക്കുവാനല്ലാതെ  അത്തരം യോഗങ്ങളില്‍ ഹാജരാകാനും പാടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ അംഗമാകുവാനോ പ്രവര്‍ത്തിക്കുവാനോ അത്തരം പ്രസ്ഥാനങ്ങളെ സഹായിക്കുവാനോ പാടില്ല. ഏതെങ്കിലും തെരഞ്ഞെടുപ്പുകളില്‍ വോട്ട് അഭ്യര്‍ത്ഥിക്കുവാനോ തന്റെ സ്വാധീനം ഉപയോഗിക്കുവാനോ പാടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ക്രിമിനല്‍ നടപടി നിയമം , ജനപ്രതിനിധി നിയമം 1951 എന്നിവ കര്‍ശനമായി പാലിക്കേണ്ടതും യാതൊരുവിധ ലംഘനവും നടത്താന്‍ പാടില്ലാത്തതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ മുന്നറിയിപ്പുണ്ട്. 

date